ചെന്നൈ സൂപ്പര്‍കിങ്സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുളള മത്സരത്തിനിടെ മൈതാനത്ത് ഇറങ്ങി വന്ന് അംപയര്‍മാരുമായി തര്‍ക്കിച്ച മഹേന്ദ്രസിംങ് ധോണിക്ക് വിലക്കേര്‍പ്പെടുത്തണമായിരുന്നു എന്ന് വിരേന്ദര്‍ സെവാഗ്. ധോണിക്കെതിരായ നടപടി വളരെ കുറഞ്ഞ് പോയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാച്ച് ഫീയുടെ 50 ശതമാനം പിഴ ഈടാക്കിയാണ് ധോണിക്കെതിരെ നടപടി എടുത്തത്. എന്നാല്‍ കുറഞ്ഞത് രണ്ടോ മൂന്നോ മത്സരങ്ങളിൽ നിന്ന് ധോണിയെ വിലക്കണമായിരുന്നുവെന്ന് സെവാഗ് പറഞ്ഞു.

വിലക്ക് ഏര്‍പ്പെടുത്തിയില്ലെങ്കില്‍ മറ്റു നായകന്മാരും ഇതുപോലെ ഇറങ്ങിവരുമെന്നും അത് അമ്പയര്‍മാരുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്നും സെവാഗ് പറഞ്ഞു. കുറച്ച് മത്സരങ്ങളിൽ നിന്ന് ധോണിയെ മാച്ച് റഫറി വിലക്കണമായിരുന്നുവെന്നാണ് താൻ കരുതുന്നത്. അങ്ങനെയല്ലെങ്കിൽ ഇനിയും ഇങ്ങനെ ചെയ്യാൻ ഏത് ക്യാപ്റ്റനും സ്വാതന്ത്ര്യം കൊടുക്കുന്ന പോലെയാണിതെന്നും സെവാഗ് പറഞ്ഞു. ‘ഇന്ത്യക്ക് വേണ്ടിയാണ് ധോണി അത് ചെയ്തിരുന്നുവെങ്കില്‍ താന്‍ സന്തോഷിച്ചേനെ, പക്ഷേ ഒരിക്കലും അതുണ്ടായിട്ടില്ല, എന്നാല്‍ ചെന്നൈക്ക് വേണ്ടി വൈകാരികമായാണ് ധോണി ഇടപെടുന്നതെന്നും സെവാഗ് പറഞ്ഞു.

ധോണിയെ വിമർശിച്ച് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ വോണും രംഗത്തെത്തിയിരുന്നു. ധോണിയുടെ നടപടി ക്രിക്കറ്റിന് നല്ലതെന്നും ഡഗ് ഔട്ടിലിരിക്കുന്ന ക്യാപ്റ്റന് ഗ്രൗണ്ടില്‍ ഇറങ്ങാന്‍ യാതൊരു അവകാശവുമില്ലെന്നുമാണ് വോൺ ട്വീറ്റ് ചെയ്തത്. ധോണിയെ പലരും വിമർശിക്കുമ്പോഴും പിന്തുണച്ച് രംഗത്തുവന്നിരിക്കുകയാണ് ഗാംഗുലി. എല്ലാവരും മനുഷ്യരാണെന്നായിരുന്നു ഗാംഗുലി പറഞ്ഞത്.

മത്സരത്തിന്റെ അവസാന ഓവറില്‍ അംപയര്‍ നോബോള്‍ വിളിക്കാതിരുന്നതാണ് ധോണിയെ ചൊടിപ്പിച്ചത്. ബെന്‍ സ്റ്റോക്സാണ് പന്തെറിഞ്ഞത്. രണ്ട് അംപയര്‍മാരും രണ്ട് വിധത്തിലാണ് പന്ത് ഡെലിവറി വിധിച്ചത്. ക്രീസില്‍ ഉണ്ടായിരുന്ന രവീന്ദ്ര ജഡേജയും മിച്ചല്‍ സാന്ത്നറും അംപയര്‍മാരുമായി സംസാരിച്ചു. ഇതിനിടയിലാണ് ധോണി മൈതാനത്തേക്ക് ഇറങ്ങി വന്നത്. ധോണി അംപയറുമായി തര്‍ക്കിച്ചതോടെ മത്സരം അല്‍പസമയം തടസപ്പെട്ടു. സംഭവത്തില്‍ ധോണിക്കെതിരെ നടപടിയെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook