ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മൽസരങ്ങൾക്കായി ഇന്ത്യൻ ടീം ഇംഗ്ലണ്ടിലാണ്. ഈ സമയം തനിക്ക് കിട്ടിയ ഇടവേള കുടുംബത്തിനൊപ്പം ആഘോഷിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണി. മകൾ സിവയ്ക്കൊപ്പമുളള പുതിയൊരു വീഡിയോ ആരാധകർക്കായി പോസ്റ്റ് ചെയ്തിരിക്കുകയാണ് ധോണി.
സിവയ്ക്കൊപ്പം ബലൂണുകളുമായി കളിക്കുന്ന ധോണിയെയാണ് വീഡിയോയിൽ കാണാനാവുന്നത്. ഭാര്യ സാക്ഷിയാണ് വീഡിയോ പകർത്തിയിരിക്കുന്നത്. സിവയോട് സാക്ഷി ‘പപ്പ നല്ലതാണോ ചീത്തയാണോ’ എന്നു ചോദിക്കുകയാണ്. സിവയാകട്ടെ നല്ലതെന്നാണ് മറുപടി നൽകിയത്. ഉടൻ തന്നെ സിവയുടെ അടുത്ത മറുപടി വന്നു. ‘പപ്പ മാത്രമല്ല, നിങ്ങളെല്ലാവരും നല്ലതാണ്’ എന്നായിരുന്നു സിവ പറഞ്ഞത്.
ഈ വീഡിയോ ‘വെരി സ്മാർട്ട്’ എന്ന ക്യാപ്ഷനോടെയാണ് ധോണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിവയുടെ നിരവധി വീഡിയോകൾ ധോണിയും സാക്ഷിയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. സിവയ്ക്ക് പ്രത്യേകമായി ഇൻസ്റ്റഗ്രാമിൽ ഒരു പേജുണ്ട്. 5 ലക്ഷം പേരാണ് ഈ പേജ് ഫോളോ ചെയ്യുന്നത്. ഈ പേജിൽ സാക്ഷിയാണ് കൂടുതലായും വീഡിയോയും ഫോട്ടോകളും പോസ്റ്റ് ചെയ്യാറുളളത്.
യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പ് മൽസരങ്ങൾക്കായുളള തയ്യാറെടുപ്പിലാണ് ധോണി. സെപ്റ്റംബർ 15 മുതൽ 28 വരെയാണ് ടൂർണമെന്റ്. ഈ ടൂർണമെന്റിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നുണ്ട്. വർഷങ്ങൾക്കുശേഷം നടക്കുന്ന ഇന്ത്യ-പാക് മൽസരത്തിനായി ആരാധകരും കാത്തിരിക്കുന്നുണ്ട്.