വളർന്നു വരുന്ന ക്രിക്കറ്റ് താരങ്ങൾക്ക് മാത്രമല്ല ബിസിനസ് സംരംഭകർക്കും പ്രചോദനമാവുകയാണ് ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ സാക്ഷാൽ എം.എസ്.ധോണി. സെവൻ ഇങ്ക് ബ്രെവ്സ് എന്ന ഭക്ഷ്യ വിപണന രംഗത്തെ പുതിയ സംരംഭമാണ് ധോണിയുടെ ഹെലികോപ്റ്റർ ഷോട്ടിൽ നിന്ന് പ്രചോദനമുള്‍കൊണ്ട് ചോക്ലേറ്റ് നിർമ്മിക്കുന്നത്. കമ്പനിയുടെ ഓഹരി ഉടമകളിൽ ഒരാളായി ധോണിയുമുണ്ട്.
മോഹിത് ഭാഗ്ചാന്ദനി, ആദിൽ മിസ്‌ട്രി, കുണാൽ പട്ടേൽ തുടങ്ങിയവർ ഉടമകളായ കമ്പനിയാണ് സെവൻ ഇങ്ക് ബ്രെവ്സ്. മുംബൈ ആസ്ഥാനമായാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. ക്രിക്കറ്റ് ആരധകർക്ക് ഏറെ പ്രിയപ്പെട്ട ധോണിയുടെ ഐക്കോണിക്ക് ഷോട്ടും ജേഴ്സി നമ്പറും ചേർത്ത് ”കോപ്റ്റർ സെവൻ” എന്ന പേരിലാണ് കമ്പനി ചോക്ലേറ്റുകൾ വിപണിയിൽ ഇറക്കുന്നത്.
മുംബൈ, പൂനെ, ഗോവ, ബാംഗ്ലൂർ എന്നിവിടങ്ങളിലായി കോപ്റ്റർ സെവണിന്റെ ലോഞ്ചിങ് വൈകാതെ നടക്കും. അതിനു ശേഷം ഉത്തർപ്രദേശ്, ഹരിയാന, ജാർഖണ്ഡ്, പഞ്ചാബ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും ചോക്ലേറ്റ് ലഭ്യമാകുമെന്ന് കമ്പനി പറയുന്നു.
Read Also: എന്താണ് ‘ഫേക്ക് ഫീൽഡിങ്’ നിയമം, ഡി കോക്ക് ഫഖർ സമാനെ വഞ്ചിച്ചതോ?
ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടിന്റെ വിശേഷണങ്ങളോടെ നിർമ്മിച്ചിരിക്കുന്ന കോപ്റ്റർ സെവണിന്റെ മറ്റൊരു പ്രത്യേകത, ധോണി കരിയറില്‍ ഉപയോഗിച്ചിട്ടുള്ള ജേഴ്സികളുടെ കളറുകളിലാകും ഈ ചോക്ലേറ്റുകൾ പായ്ക്ക് ചെയ്ത് എത്തുകയെന്നതാണ്.
കമ്പനിയുടെ ഓഹരി ഉടമകളിൽ ഒരാളാകുന്നതിൽ സന്തോഷമുണ്ടെന്ന് ധോണി പറഞ്ഞതായി പത്രക്കുറിപ്പിൽ പറയുന്നു. മൈസൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഡേവിഡ് ബെലോയുമായി ചേർന്നാണ് കോപ്റ്റർ സെവൻ ചോക്ലേറ്റുകൾ നിർമ്മിക്കുന്നത്. കോപ്റ്റര്‍ സെവണിനായി ദക്ഷിണേന്ത്യയിൽ നിന്നുള്ള ഏറ്റവും മികച്ച കൊക്കോയാണ് ഉപയോഗിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.