ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്രസിംഗ് ധോണി 2019 ഏകദിന ലോകകപ്പ് മത്സരത്തില്‍ പങ്കെടുക്കുമെന്ന് മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ്. യുവ കീപ്പര്‍ താരങ്ങളുടെ ഫിറ്റ്നസ് കുറവും പ്രതീക്ഷയ്ക്ക് ഒത്തുളള പ്രകടനമികവും ഉയരാത്തതിനാലാണ് ധോണിക്ക് നറുക്ക് വീണത്.

അതേസമയം ഇന്ത്യയുടെ എ ഗ്രേഡ് താരങ്ങളുട മത്സരങ്ങളിലൂടെ മികച്ചൊരു വിക്കറ്റ് കീപ്പറെ പരിശീലിപ്പിച്ച് എടുക്കാനുളള തയ്യാറെടുപ്പിലാണ് സെലക്ടര്‍മാര്‍. എന്നാല്‍ ലോകകപ്പ് മത്സരങ്ങള്‍ വരെ ധോണിയെ നീക്കം ചെയ്യില്ല. അതിന് ശേഷമായിരിക്കും വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് മറ്റൊരാളെ കൊണ്ടുവരിക.

‘ലോകത്ത് തന്നെ മികച്ച വിക്കറ്റ് കീപ്പര്‍ ധോണിയാണ്. ദിവസവും ഞങ്ങള്‍ ഇത് ചര്‍ച്ച ചെയ്യാറുണ്ട്. നിലവില്‍ ലങ്കയ്ക്ക് എതിരെ നടക്കുന്ന മത്സരങ്ങളില്‍ ധോണി ശരിക്കും വിക്കറ്റിന് പിന്നില്‍ മികവുറ്റ പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്’, പ്രസാദ് പറഞ്ഞു.

‘ധോണിയെ മറ്റൊരാളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. ഇന്ത്യന്‍ ക്രിക്കറ്റിനെ വിട്ടേക്കു, ലോക ക്രിക്കറ്റില്‍ തന്നെ അദ്ദേഹത്തിന്റെ അടുത്ത് പോലും എത്താന്‍​കഴിയുന്ന മറ്റൊരു വിക്കറ്റ് കീപ്പറില്ല’ 2019 ലോകകപ്പില്‍ യുവതാരങ്ങളെ കീപ്പിംഗ് സ്ഥാനത്തേക്ക് കൊണ്ടുവരില്ലെന്ന് പ്രസാദ് വ്യക്തമാക്കി.

റിഷഭ് പന്ദിനേയും സഞ്ജു സാംസണേയും നിരാശപ്പെടുത്തുന്നതായിരുന്നു പ്രസാദിന്റെ പ്രതികരണം. ‘ആ ചെറുപ്പക്കാര്‍ ഞങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിട്ടില്ല. ഇന്ത്യയുടെ എ ടീമില്‍ ഇടം നല്‍കി അവരുടെ പ്രകടനം മെച്ചപ്പെടുന്നുണ്ടോയെന്ന് നോക്കുകയാണ്’, പ്രസാദ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ