ക്രിക്കറ്റിലെ തന്റെ മികവിനൊപ്പം തന്നെ ആയിരകണക്കിന് ആരാധകരെ ധോണി സ്വന്തമാക്കിയത് തന്റെ സ്വഭാവത്തിലൂടെയുമാണ്. വളരെ വിനീതമായി തന്നെ കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന ധോണി പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. ഏറ്റവും ഒടുവിൽ തന്റെ സഹതാരങ്ങളായിരുന്ന പിയൂഷ് ചൗളയ്ക്കും ആർ.പി.സിങ്ങിനും പാനിപൂരി വിളമ്പിയാണ് വാർത്തയിൽ സജീവമാകുന്നത്.
ഏകദിന ലോകകപ്പിന് പിന്നാലെ ടീമിൽ നിന്നും ഇടവേളയെടുത്ത ധോണി ഇതുവരെ ഇന്ത്യൻ കുപ്പായത്തിൽ മടങ്ങിയെത്തിയിട്ടില്ല. എന്നാൽ ധോണിയുടെ തിരിച്ചുവരവും, വിരമിക്കലും, സൈനീക സേവനവുമെല്ലാം താരത്തിനെ ആരാധകരുടെ ഇടയിൽ സജീവമാക്കി നിർത്തിയിരുന്നു. ഇപ്പോൾ മാലിദ്വീപിൽ ഇന്ത്യൻ ടീമിൽ തന്നൊടൊപ്പം കളിച്ച പിയൂഷ് ചൗളയ്ക്കും ആർ.പി.സിങ്ങിനും പാനിപൂരി വിളമ്പി നൽകിയും താരം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
Straight outta Maldives, our rockstar is seen making a couple of pani puris!
Our favorite chat just became even more delectable! #MahiInMaldives #Dhoni @msdhoni pic.twitter.com/NFjGcuMT1h
— MS Dhoni Fans Official (@msdfansofficial) February 4, 2020
ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന പിയൂഷ് ചൗള കഴിഞ്ഞ ഐപിഎൽ ലേലത്തിൽ ചെന്നൈയിൽ എത്തിയിരുന്നു. ധോണിയ്ക്കൊപ്പം മറ്റൊരു കളി ഇന്നിങ്സിന് തുടക്കം കുറിക്കാനൊരുങ്ങുന്ന താരത്തിന് നായകൻ തന്നെ പാനിപൂരി വിളമ്പി നൽകിയിരിക്കുകയാണ്.
അതേസമയം ധോണിയുടെ വിരമിക്കൽ സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ബിസിസിഐയുടെ വാർഷിക കരാറിൽനിന്ന് എം.എസ്.ധോണിയെ നേരത്തെ ഒഴിവാക്കിയിരുന്നു. 2019ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിന് ശേഷം ധോണി ഇന്ത്യയ്ക്കുവേണ്ടി കളിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് വാർഷിക കരാറിൽനിന്നു താരത്തെ ഒഴിവാക്കിയത്. 2019 ഒക്ടോബർ മുതൽ 2020 സെപ്റ്റംബർ വരെയുള്ള കരാറുകളാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം വരെ എ കാറ്റഗറിയിലായിരുന്നു ധോണി.