മുംബൈ: ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ സംഘത്തിൽ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ പ്രകടനം പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നില്ലെന്നാണ് ഭൂരിഭാഗം പേരും വിമർശിച്ചത്. ധോണി വിരമിക്കാൻ സമയമായെന്നതടക്കമുളള പ്രസ്താവനകൾ പല ഭാഗത്ത് നിന്നും ഉണ്ടായി.

ധോണിയെ വിമർശിച്ചവരിൽ മുൻ നായകന്മാരായ സുനിൽ ഗവാസ്‌കറും സൗരവ് ഗാംഗുലിയും വരെയുണ്ട്. എന്നാൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ പൂർണ്ണ പിന്തുണ ധോണിക്കാണ്. “ധോണിയ്ക്ക് അറിയാം അദ്ദേഹത്തിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്ന്” സച്ചിൽ ടെണ്ടുൽക്കർ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

“എന്റെ ഉത്തരം വളരെ സിംപിളാണ്. ആളുകൾ ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട്. ആരെന്ത് പറയുന്നു എന്നതല്ല എന്റെ വിഷയം. സുനിൽ ഗവാസ്‌കറും സൗരവും പറഞ്ഞത് ഞാൻ വായിച്ചു. പക്ഷെ നിങ്ങൾ ധോണിയോട് ചോദിച്ചാൽ അദ്ദേഹവും പറയും പ്രതീക്ഷയ്ക്ക് ഒത്ത പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെന്ന്. ഓരോ കളിക്കാരനും തന്റെ കഴിവിന്റെ പരമാവധി മികച്ച പ്രകടനം കാഴ്ചവയ്ക്കാനാണ് ശ്രമിക്കുക,” സച്ചിൻ പറഞ്ഞു.

“അദ്ദേഹത്തിന് അദ്ദേഹം എവിടെ നിൽക്കുന്നുവെന്നും എന്താണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും അറിയാം. അതിനാൽ ആ കാര്യം ഞാൻ അദ്ദേഹത്തിന് തന്നെ വിടുന്നു,” സച്ചിൻ പറഞ്ഞു. ക്രിക്കറ്റിനെ ഏറ്റവും നന്നായി മനസിലാക്കിയ താരമാണ് ധോണിയെന്നും സച്ചിൻ കൂട്ടിച്ചേർത്തു.

“ദീർഘകാലമായി കളിക്കളത്തിലുളളയാളാണ് അദ്ദേഹം. അദ്ദേഹത്തിന് കളിയെയും അദ്ദേഹത്തിന്റെ കഴിവിനെയും നന്നായി അറിയാം. ഒരു മുൻ സഹപ്രവർത്തകനെന്ന നിലയിൽ അദ്ദേഹത്തെ കരിയറിനെ കുറിച്ച് തീരുമാനമെടുക്കാൻ അയാൾ സ്വയം പ്രാപ്തനാണെന്ന് ഞാൻ വിശ്വസിക്കുന്നു. മറ്റാരും അതിൽ അഭിപ്രായം പറയേണ്ടതില്ല,” സച്ചിൻ നിലപാട് വ്യക്തമാക്കി.

ഇംഗ്ലണ്ടിൽ ഇന്ത്യയ്ക്ക് ഇനി അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ശേഷിക്കുന്നത്. ആഗസ്ത് ഒന്നിനാണ് ആദ്യ മത്സരം തുടങ്ങുന്നത്. ഈ പരമ്പരയിൽ കാലാവസ്ഥയ്ക്ക് നിർണ്ണായക സ്വാധീനം ചെലുത്തുവാൻ കഴിയുമെന്ന് സച്ചിൻ കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook