ലീഡ്സ് ഏകദിനത്തിനുശേഷം അംപയറിൽനിന്നും പന്ത് ചോദിച്ച് വാങ്ങിയത് എന്തിനെന്ന് വെളിപ്പെടുത്തി എം.എസ്.ധോണി. ലീഡ്സ് ഏകദിനത്തിനുശേഷം ഡ്രെസിങ് റൂമിലേക്ക് മടങ്ങുമ്പോഴായിരുന്നു ധോണി അംപയറുടെ കൈയ്യിൽനിന്നും പന്ത് ചോദിച്ചു വാങ്ങിയത്. ഇതോടെ ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങളും പരന്നു.

അഭ്യൂഹങ്ങൾ ശക്തമായതോടെ അവയൊക്കെ നിഷേധിച്ച് ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി രംഗത്തെത്തി. ധോണി ഉടൻ വിരമിക്കുമെന്ന വാർത്തകൾ മണ്ടത്തരമെന്നാണ് രവി ശാസ്ത്രി പറഞ്ഞത്. ‘ലീഡ്സ് ഏകദിനത്തിനുശേഷം ധോണി അംപയറുടെ കൈയ്യിൽനിന്നും പന്ത് വാങ്ങിയത് ബോളിങ് കോച്ച് ഭരത് അരുണിന് നൽകാനാണ്. അതിന് മറ്റു വ്യാഖ്യാനങ്ങൾ നൽകേണ്ടതില്ല. ധോണി എവിടെയും പോകില്ല. വിമർശനങ്ങൾ ഉണ്ടെങ്കിലും ധോണി ടീമിലെ പ്രധാന സാന്നിധ്യമാണെന്നും’ രവി ശാസ്ത്രി പറഞ്ഞു.

ഇപ്പോഴിതാ താൻ അംപയറുടെ കൈയ്യിൽനിന്നും പന്ത് ചോദിച്ചു വാങ്ങിയത് എന്തിനെന്ന് ധോണി തന്നെ വെളിപ്പെടുത്തി. 2019 ൽ നടക്കുന്ന ലോകകപ്പിനു വേണ്ടിയുളള തയ്യാറെടുപ്പുകളിലാണ് താനെന്നും ഇന്ത്യൻ മുൻ നായകൻ വ്യക്തമാക്കിയിട്ടുണ്ട്.

”ഇംഗ്ലണ്ടിൽ ലോകകപ്പ് കളിക്കുമ്പോൾ റിവേഴ്സ് സ്വിങ് കിട്ടാൻ എന്തു ചെയ്യണമെന്ന് നമ്മുടെ ബോളർമാർ അറിഞ്ഞിരിക്കണം. ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് അവസാന ഓവറുകളിൽ റിവേഴ്സ് സ്വിങ് ലഭിച്ചിരുന്നു. ഇംഗ്ലണ്ടിന് അതു കിട്ടുന്നുണ്ട്. നമുക്കും അത് വേണം. അതിനാലാണ് അംപയറുടെ കൈയ്യിൽനിന്നും പന്ത് ചോദിച്ച് വാങ്ങിയത്”, ധോണി പറഞ്ഞതായി ഐസിസി ക്രിക്കറ്റ് ഡോട് കോം റിപ്പോർട്ട് ചെയ്യുന്നു.

ഇംഗ്ലണ്ടിനെതിരായ മൂന്നു മൽസരങ്ങളുളള ഏകദിന പരമ്പര ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. അതിനാലാണ് അടുത്ത വർഷത്തെ ലോകകപ്പ് മുന്നിൽ കണ്ട് ഇന്ത്യൻ ബോളർമാർക്ക് ബോളിങ് കൂടുതൽ മെച്ചപ്പെടുത്താനായി ധോണി പന്ത് ചോദിച്ചുവാങ്ങിയത്.

”50 ഓവറുകൾക്കുശേഷം ഐസിസിക്ക് ഈ പന്ത് കൊണ്ട് യാതൊരു പ്രയോജനവുമില്ല. അതിനാലാണ് അംപയറുടെ കൈയ്യിൽനിന്നും പന്ത് ചോദിച്ചു വാങ്ങി ഞങ്ങളുടെ ബോളിങ് കോച്ചിന് നൽകിയത്. ഇതുപയോഗിച്ച് പ്രാക്ടീസ് ചെയ്താൽ റിവേഴ്സ് സ്വിങ് ലഭിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കാനാവും. 40 ഓവറുകൾക്കുശേഷം യോർക്കറുകളിലൂടെ ഫാസ്റ്റ് ബോളർമാർക്ക് വിക്കറ്റ് വീഴ്ത്താൻ കഴിയും. അവസാന 10 ഓവറുകളിൽ റിവേഴ്സ് സ്വിങ് കിട്ടിയാൽ റൺസിന്റെ വേഗത കുറച്ച് വിക്കറ്റ് വീഴ്ത്താൻ ബോളർമാർക്ക് സാധിക്കും”, ധോണി പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ നിരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരമായെങ്കിലും ധോണിക്കെതിരെയാണ് ആരാധകർ വിമർശന ശരം തൊടുത്തത്. 66 പന്തിലായിരുന്നു ക്യാപ്റ്റൻ കൂൾ 42 റൺസ് നേടിയത്. ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് നേടിയ മത്സരത്തിൽ ഏറ്റവും കുറഞ്ഞത് 25-30 റൺസെങ്കിലും കുറഞ്ഞത് ധോണിയുടെ ഈ മെല്ലെപ്പോക്ക് മൂലമാണെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമർശനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook