ന്യൂഡൽഹി: കഴിഞ്ഞ 15 ദിവസത്തെ സൈനിക സേവനത്തിന് അന്ത്യം കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ എം.എസ്.ധോണി ന്യൂഡൽഹിയിൽ മടങ്ങിയെത്തി. ലഫ്.കേണൽ കൂടിയായ ധോണി 106 ടെറിറ്റോറിയല്‍ ആര്‍മി ബറ്റാലിയനില്‍ അംഗമായാണ് കശ്മീരിൽ സേവനം നടത്തിയത്. ജൂലൈ 31 മുതൽ ഓഗസ്റ്റ് 15 വരെയാണ് ധോണി സൈനിക സേവനം നടത്തിയത്. ഈ സമയത്ത് തന്നെയാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്ന പ്രമേയവും സംസ്ഥാനത്തെ വിഭജിക്കുന്ന ബില്ലും കേന്ദ്രസർക്കാർ പാർലമെന്റിൽ പാസാക്കിയത്.

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ലഡാക്കും ധോണി സന്ദർശിച്ചിരുന്നു. അവിടെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ധോണി സൈനിക ആശുപത്രിയിലെ രോഗികളുമായും സംവദിച്ചു. ഇതിന് ശേഷമാണ് ധോണി തിരിച്ചെത്തിയത്.

ലഡാക്കിലെ ലെഹ് വിമാനത്താവളത്തിൽ എത്തിയ ധോണിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. മകൾ സിവയുമായി ധോണി ലെഹിൽ വച്ച് തന്നെ കണ്ടുമുട്ടിയിരുന്നു. മകൾ സിവ ധോണിയുടെ തോളിൽ കിടക്കുന്ന ഫൊട്ടോയാണ് എം.എസ്.ധോണി ഫാൻ പേജിൽ എത്തിയത്.

സൈനിക സേവനം അവസാനിച്ചെങ്കിലും ധോണി ഉടനൊന്നും ഇന്ത്യൻ ടീമിനൊപ്പം ചേരില്ലെന്നാണ് റിപ്പോർട്ടുകൾ. നീണ്ട രണ്ട് മാസത്തെ ഇടവേളയാണ് താരം ക്രിക്കറ്റിൽ നിന്ന് എടുത്തിരിക്കുന്നത്. വിൻഡീസ് പര്യടനത്തിൽ നിന്ന് ധോണി പിന്മാറിയിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ ധോണി ഉണ്ടാകുമോയെന്ന കാര്യം വ്യക്തമാല്ല.

2011ല്‍ ആണ് ഇന്ത്യന്‍ സൈന്യം ധോണിക്ക് ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്. ലോകകപ്പ് ക്രിക്കറ്റിനിടെ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ബലിദാന്‍ മുദ്രയുള്ള കീപ്പിംഗ് ഗ്ലൗസ് അണിഞ്ഞായിരുന്നു ധോണി ഇറങ്ങിയത്. സൈന്യത്തില്‍ പാരച്ച്യൂട്ട് റെജിമെന്റിലെ ലഫ്റ്റനന്റ് കേണലാണ് ധോണി. സൈന്യത്തോടൊപ്പം ചെലവഴിക്കാന്‍ ധോണി രണ്ട് മാസത്തെ വിശ്രമം ആവശ്യപ്പെടുകയായിരുന്നു.

Read More Sports Related Stories Here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook