ചെന്നെെ: കളിക്കളത്തിലും പുറത്തും തന്റേതായ ചില രീതികൾ പിന്തുടരുന്ന താരമാണ് എം.എസ്.ധോണി. തന്റെ വിരമിക്കൽ പ്രഖ്യാപനത്തിലും അങ്ങനെയൊരു ശെെലിയാണ് ധോണി പുലർത്തിയത്. താൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിക്കുന്നു എന്ന് അറിയിച്ചുകൊണ്ട് ധോണി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്; “നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി, ഇന്ന് 19.29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക,” അതായത് ഇന്ത്യൻ സമയം രാത്രി 7.29 !

ധോണി എന്തുകൊണ്ട് ഈ സമയം തിരഞ്ഞെടുത്തു എന്നത് വലിയൊരു ചോദ്യമാണ്. ധോണിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വായിച്ചതു മുതൽ ക്രിക്കറ്റ് ആരാധകർ അന്വേഷിക്കുന്നതും അതിനു പിന്നിലെ രഹസ്യമാണ്. ഇന്ത്യൻ സമയം രാത്രി 7.29 വിരമിക്കൽ പ്രഖ്യാപനത്തിനു തിരഞ്ഞെടുക്കാൻ ഒരു കാരണമുണ്ടെന്നാണ് ധോണി ആരാധകരും വിലയിരുത്തുന്നത്.

Read Also: ധോണിയുടെ ഏഴാം നമ്പർ ജേഴ്‌സി പിൻവലിക്കണമെന്ന് സഹതാരം; ബിസിസിഐ തീരുമാനം നിർണായകം

2019 ക്രിക്കറ്റ് ലോകകപ്പ് സെമി ഫെെനലിലാണ് ധോണി അവസാനമായി ഇന്ത്യയ്‌ക്കു വേണ്ടി കളിച്ചത്. ന്യൂസിലൻഡായിരുന്നു സെമിയിൽ ഇന്ത്യയുടെ എതിരാളികൾ. സെമി ഫെെനലിൽ ഇന്ത്യ 18 റൺസിനു തോറ്റു. രണ്ട് ദിവസങ്ങളായാണ് മത്സരം നടന്നത്. 2019 ജൂലെെ ഒൻപതിനാണ് യഥാർഥത്തിൽ സെമി മത്സരം നടക്കേണ്ടിയിരുന്നത്. മത്സരം പകുതിയായപ്പോൾ കാലാവസ്ഥ പ്രതികൂലമാകുകയും ശേഷിക്കുന്ന കളി അടുത്ത ദിവസത്തിലേക്ക് മാറ്റുകയും ചെയ്തു. ജൂലെെ പത്തിനാണ് ഇന്ത്യ ബാറ്റ് ചെയ്യുന്നത്. ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 239 റൺസ് നേടി. രണ്ടാമത് ബാറ്റ് ചെയ്‌ത ഇന്ത്യ 49.3 ഓവറിൽ 221 റൺസിനു ഓൾഔട്ടായി.

ജൂലെെ പത്തിന് ഇന്ത്യയുടെ അവസാന വിക്കറ്റ് വീഴുന്നതും കിവീസിനോട് തോറ്റ് ഇന്ത്യ ലോകകപ്പിൽ നിന്നു പുറത്താകുന്നതും ഇന്ത്യൻ സമയം രാത്രി 7.29 നാണെന്നാണ് ക്രിക്കറ്റ് പ്രേമികൾ പറയുന്നത്. അതുകൊണ്ടാണ് ധോണി വിരമിക്കൽ പ്രഖ്യാപനത്തിനു ഇങ്ങനെയൊരു സമയം തിരഞ്ഞെടുത്തതെന്നും ആരാധകർ പറയുന്നു. ഇന്ത്യ ഓൾഔട്ട് ആയതിനു തൊട്ടുപിന്നാലെ ന്യൂസിലൻഡ് താരം ഗ്രാൻഡ് എലിയറ്റ് ചെയ്ത ട്വീറ്റ് പങ്കുവച്ചാണ് ധോണി ആരാധകർ അടക്കം ഇങ്ങനെയൊരു വാദം ഉന്നയിക്കുന്നത്. സെമി ഫെെനൽ മത്സരത്തിൽ യുസ്‌വേന്ദ്ര ചഹലിനെയാണ് ഇന്ത്യയ്‌ക്ക് പത്താമതായി നഷ്‌ടമായത്. കിവീസ് താരം നീഷം ആണ് അവസാന ഓവർ എറിയാനെത്തിയത്. ആ ഓവറിലെ മൂന്നാം പന്തിൽ ചഹൽ പുറത്താകുകയായിരുന്നു. ലോകകപ്പ് സ്‌കോർബോർഡും കമന്ററിയും പരിശോധിക്കുമ്പോൾ ഇന്ത്യയ്‌ക്ക് അവസാന വിക്കറ്റ് നഷ്ടമായത് ഇന്ത്യൻ സമയം രാത്രി 7.26 നും 7.30 നും ഇടയിലാണ്. ഇതേ കുറിച്ച് ധോണി തന്നെ പിന്നീടൊരിക്കൽ വിശദീകരണം നൽകുമെന്ന വിശ്വാസത്തിലാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആരാധകർ.

 

Grant Elliott

ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമിഫൈനൽ പോരാട്ടത്തിൽ ഇന്ത്യ പരാജയപ്പെട്ട് പുറത്തായതിന് പിറകേയാണ് ധോണി രാജ്യന്തര ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കാനാരംഭിച്ചത്. ലോകകപ്പിന് മുമ്പ് തന്നെ ടൂർണമെന്റോടെ താരം ക്രിക്കറ്റിനോട് വിടപറയുമെന്ന തരത്തിലുള്ള വാർത്തകൾ സജീവമായിരുന്നു. തന്റെ അവസാന ഇന്നിങ്സിലും അർധസെഞ്ചുറി തികച്ച ശേഷമാണ് ധോണി ക്രിക്കറ്റ് മൈതാനത്ത് നിന്ന് വിട്ടുനിന്നത്.

2004 ൽ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ധോണി 350 മത്സരങ്ങൾ കളിച്ചു. സച്ചിൻ ടെൻഡുൽക്കർക്കുശേഷം 350 ഏകദിനം കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ധോണി. 2007ൽ ഇന്ത്യൻ നായകപട്ടം അണിഞ്ഞ ധോണി അതേവർഷം ടി20 ലോകകപ്പും 2011ൽ ഏകദിന ലോകകപ്പും രണ്ട് വർഷങ്ങൾക്ക് അപ്പുറം 2013ൽ ഐസിസി ചാമ്പ്യൻസ് ട്രോഫിയും നായകനായി തന്നെ ഇന്ത്യക്ക് സമ്മാനിച്ചു.

350 ഏകദിനങ്ങൾ കളിക്കുന്ന ലോകതാരങ്ങളിൽ 10-ാം സ്ഥാനത്താണ് ധോണി. വിക്കറ്റ് കീപ്പർ എന്ന നിലയിൽ 350 ഏകദിനങ്ങൾ കളിക്കുന്ന ആദ്യ ക്രിക്കറ്റ് താരവുമാണ് ധോണി. ഇന്ത്യൻ നായകനായി 200 ഏകദിന മത്സരങ്ങളിൽ ധോണി ഇറങ്ങി.

Read Also: തല പടിയിറങ്ങി, ധോണി ഫിനിഷസ് ഓഫ് ഇൻ സ്‌റ്റെൽ

ടെസ്റ്റിൽ റാങ്കിങ്ങിൽ ഇന്ത്യയെ ഒന്നാം സ്ഥാനത്തെത്തിച്ചെന്ന ബഹുമതിയും ധോണിക്ക് സ്വന്തം.ടെസ്റ്റിൽ ധോണി 90 മത്സരങ്ങൾ ഇന്ത്യക്കായി കളിച്ചു. 144 ഇന്നിങ്സുകളിൽ നിന്നായി 4876 റൺസാണ് ധോണി അടിച്ചെടുത്തത്. ആറ് സെഞ്ചുറിയും 33 അർധസെഞ്ചുറിയും ഇന്ത്യയുടെ വെള്ളകുപ്പായത്തിൽ നേടിയ ധോണി ഏറെക്കാലം ഇന്ത്യയെ ലോക ഒന്നാം നമ്പർ ടീമായി നിലനിർത്തിയിരുന്നു.

2007ൽ പ്രഥമ ടി20 ലോകകപ്പിൽ ഇന്ത്യയെ വിജയത്തിയത് ധോണിയുടെ നായകത്വത്തിലാണ്. മറ്റുഫോർമാറ്റുകളെപ്പോലെ കുട്ടിക്രിക്കറ്റിലും ധോണി തിളങ്ങി. 98 ടി20 മത്സരങ്ങൾ കളിച്ച ധോണി 1617 റൺസ് നേടി. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെ നിരവധി തവണ ഫൈനലിൽ എത്തിച്ച ധോണി മൂന്ന് തവണ കിരീടവും സമ്മാനിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook