ന്യൂഡൽഹി: ഇന്ത്യൻ മുൻ നായകൻ എം.എസ്.ധോണിയുടെ ക്രിക്കറ്റ് കരിയറിനു തിരശീല വീഴുന്നതുമായി ബന്ധപ്പെട്ട് നിരവധി വാദപ്രതിവാദങ്ങളാണ് ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്. ധോണി ഉചിതമായ തീരുമാനമെടുക്കണമെന്ന് മുതിർന്ന ഇന്ത്യൻ താരങ്ങളടക്കം നേരത്തെ വ്യക്‌തമാക്കിയതാണ്. ഇപ്പോൾ ഇതാ ധോണിയുടെ ക്രിക്കറ്റ് കരിയർ അവസാന ലാപ്പിലാണെന്ന് പറഞ്ഞിരിക്കുകയാണ് ഇതിഹാസ താരവും മുൻ ഇന്ത്യൻ നായകനുമായ കപിൽ ദേവ്.

ധോണിയുടെ കരിയർ അവസാന പാദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കപിൽ പറഞ്ഞു. ടി 20 ലോകകപ്പോടെ ധോണിയുടെ കരിയറിന്റെ കാര്യത്തിൽ അന്തിമ തീരുമാനമാകുമെന്നാണ് കപിൽ ദേവ് പറയുന്നത്. നോയ്‌ഡയിൽ നടന്ന എച്ച്‌സിഎൽ ഗ്രാൻഡ് ഇവന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: കുഞ്ഞിനെ കൊലപ്പെടുത്തിയതിനു തലേദിവസം രാത്രി ശരണ്യയെ കാണാനെത്തി; നിതിൻ കുടുങ്ങിയത് ഇങ്ങനെ

“ഭാവി താരങ്ങൾക്കുവേണ്ടിയാണ് ഐപിഎൽ. ധോണി ഐപിഎല്ലിൽ കളിക്കുന്നതിൽ അതിശയമൊന്നും തോന്നുന്നില്ല. ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉണ്ടാകണമെങ്കിൽ ധോണി കുറച്ചു കളികൾ നിർബന്ധമായും കളിക്കണം. അതിന്റെ അടിസ്ഥാനത്തിലായിരിക്കണം ധോണിയെ ടി 20 സ്‌ക്വാഡിൽ ചേർക്കേണ്ടത്,” കപിൽ ദേവ് പറഞ്ഞു.

Read Also: ഞാൻ അവനെ കുറേ സപ്പോർട്ട് ചെയ്‌തിട്ടുണ്ട്, എന്നെ പേടിച്ചാണ് സുജോ ഇവിടെ നിൽക്കുന്നത്: അലസാണ്ട്ര

“ധോണിയുടെ ഒരു ആരാധകൻ എന്ന നിലയിൽ അദ്ദേഹം ടി 20 ലോകകപ്പ് കളിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ, ഒരു ക്രിക്കറ്റ് താരം എന്ന നിലയിൽ അതെല്ലാം ക്രിക്കറ്റ് മാനേജ്‌മെന്റ് തീരുമാനിക്കണമെന്നാണ് എന്റെ നിലപാട്. ധോണി ഐപിഎല്ലിൽ കളിക്കുന്നതല്ല വലിയ കാര്യം. അടുത്ത പത്ത് വർഷത്തേക്ക് ഇന്ത്യയ്‌ക്ക് അഭിമാനിക്കാവുന്ന താരങ്ങൾ ഐപിഎല്ലിൽ നിന്നു ഉയർന്നുവരുന്നതാണ് കാര്യം. കുറേ നാളായി ധോണി ടീമിനുവേണ്ടി കളിക്കുന്നില്ല. ഇന്ത്യൻ ടീമിൽ തുടർച്ചയായി കുറച്ചു കളികൾ അദ്ദേഹം കളിക്കണമെന്നാണ് അഭിപ്രായം. അതിനുശേഷമായിരിക്കണം ടി 20 ലോകകപ്പിലേക്ക് പരിഗണിക്കേണ്ടത്. ക്രിക്കറ്റ് കരിയറിൽ അവസാന കാലത്തിലൂടെയാണ് ധോണി ഇപ്പോൾ കടന്നുപോകുന്നത്.” കപിൽ ദേവ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook