ലണ്ടൻ: ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ശേഷം ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായ മഹേന്ദ്ര സിങ് ധോണി വിരമിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയെ ചുറ്റിപ്പറ്റി ഉയർന്നുകഴിഞ്ഞു.

രണ്ട് വിക്കറ്റ് നഷ്ടമായിട്ടും പതറാതെ നിന്ന ജോ റൂട്ടും, ക്യാപ്റ്റൻ ഇയാൻ മോർഗനും ചേർന്ന് മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. എട്ട് വിക്കറ്റിനായിരുന്നു ഇംഗ്ലീഷ് ടീമിന്റെ വിജയം.

വിരാട് കോഹ്‌ലി ക്യാപ്റ്റനായി നയിച്ച 50-ാമത്തെ ഏകദിന മത്സരത്തിലാണ് ഇന്ത്യ തോറ്റതും, പരമ്പര നഷ്ടമായതും. എന്നാൽ ഇംഗ്ലണ്ടിന്റെ പരമ്പര വിജയത്തേക്കാൾ കൂടുതൽ ചൂടുപിടിച്ച ചർച്ചകൾക്കാണ് ഇപ്പോൾ വഴിയൊരുങ്ങിയിട്ടുളളത്. എന്നാൽ ഇതാദ്യമായല്ല മഹേന്ദ്ര സിങ് ധോണി വിരമിക്കുന്നുവെന്ന വാർത്ത ആരാധകരിലേക്ക് എത്തുന്നത്.

ഇന്നലെ മത്സരം കഴിഞ്ഞ് താരങ്ങൾ ഡ്രസിങ് റൂമിലേക്ക് മടങ്ങിയ സമയത്ത് ധോണി അംപയർമാരുടെ നേർക്കാണ് നടന്നുപോയത്. ഇവരുടെ പക്കൽ നിന്നും കളിക്കായി ഉപയോഗിച്ച ബോൾ ധോണി മത്സരത്തിന്റെ ഓർമ്മയ്ക്കായി വാങ്ങി. ഇതാണ് ധോണി വിരമിക്കാനൊരുങ്ങുകയാണോ എന്ന ചൂടുപിടിച്ച ചർച്ചയ്ക്ക് വഴിതുറന്നത്.

സാധാരണയായി താരങ്ങൾ വിക്കറ്റാണ് കളിയുടെ ഓർമ്മയ്ക്കായി സൂക്ഷിക്കാറുളളത്. എന്നാൽ ധോണിയുടെ നീക്കത്തിന് പിന്നിലെ കാരണം ആണ് ഇപ്പോൾ അന്വേഷിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ മുൻ ഇന്ത്യൻ നായകന്റെ ഇന്നിങ്സ് ഏറെ വിമർശിക്കപ്പെട്ടിരുന്നു. 37 റൺസ് നേടിയ അദ്ദേഹത്തിന്റെ ഇന്നിങ്സ് ആക്രമണ ശൈലിയിലായിരുന്നില്ല. ഇതാണ് ക്രിക്കറ്റ് ആരാധകരെ ചൊടിപ്പിച്ചത്. ധോണി വിരമിക്കേണ്ട സമയമായെന്ന് വീണ്ടും ആക്രമണം കടുത്തു. എന്നാൽ കോച്ച് രവി ശാസ്ത്രിയും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ധോണിയെ പിന്തുണച്ച് രംഗത്ത് വരികയായിരുന്നു.

മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ നിരയിൽ ഏറ്റവും കൂടുതൽ റൺ നേടിയ മൂന്നാമത്തെ താരമായെങ്കിലും ഇന്നലെയും ധോണിക്കെതിരെയാണ് ആരാധകർ വിമർശന ശരം തൊടുത്തത്. 66 പന്തിലായിരുന്നു ക്യാപ്റ്റൻ കൂൾ 42 റൺസ് നേടിയത്. ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് നേടിയ മത്സരത്തിൽ ഏറ്റവും കുറഞ്ഞത് 25-30 റൺസെങ്കിലും കുറഞ്ഞത് ധോണിയുടെ ഈ മെല്ലെപ്പോക്ക് മൂലമാണെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമർശനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook