ലീഡ്സിൽ നടന്ന ഇംഗ്ലണ്ടിനെതിരെയുളള ഇന്ത്യയുടെ അവസാന ഏകദിനത്തിനുപിന്നാലെയാണ് എം.എസ്.ധോണി വിരമിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായത്. ലീഡ്സ് ഏകദിനത്തിനുശേഷം ഡ്രെസിങ് റൂമിലേക്ക് മടങ്ങുമ്പോൾ ധോണി അംപയറുടെ കൈയ്യിൽനിന്നും പന്ത് ചോദിച്ചു വാങ്ങിയതാണ് വിരമിക്കൽ അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കിയത്. 2014 ലെ മെൽബൺ ടെസ്റ്റിൽ ജയിക്കാതിരുന്നിട്ടും സ്റ്റംപുമായി മടങ്ങിയ ധോണി തൊട്ടുപിന്നാലെ ടെസ്റ്റിൽനിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇത് ഏകദിനത്തിലും ആവർത്തിക്കുമോയെന്നായിരുന്നു ഏവരുടെയും സംശയം.

ഇംഗ്ലണ്ടുമായുളള രണ്ടാം ഏകദിനത്തിൽ ധോണിയുടെ ബാറ്റിങ്ങിലെ മെല്ലപ്പോക്ക് കണ്ട് നിരാശരായ കാണികൾ ഗ്യാലറിയിൽനിന്നും കൂകി വിളിച്ചിരുന്നു. ഇത് ധോണിയുടെ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ടാകാമെന്നാണ് ചിലർ പറയുന്നത്. അതേസമയം, ട്വന്റി ട്വന്റിയിൽ മികച്ച ഫോം തുടരുന്ന ധോണി ഏകദിനത്തിൽനിന്നും വിരമിച്ച് പൂർണമായും ടി ട്വന്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കമെന്നും അഭ്യൂഹങ്ങളുണ്ട്.

എന്നാൽ ധോണിയുടെ വിരമിക്കലിനെ ചൊല്ലിയുളള അഭ്യൂഹങ്ങളെല്ലാം നിഷേധിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി. ധോണി ഉടൻ വിരമിക്കുമെന്ന വാർത്തകൾ മണ്ടത്തരമെന്നാണ് രവി ശാസ്ത്രി പറഞ്ഞത്. ലീഡ്സ് ഏകദിനത്തിനുശേഷം ധോണി അംപയറുടെ കൈയ്യിൽനിന്നും പന്ത് വാങ്ങിയത് ബോളിങ് കോച്ച് ഭരത് അരുണിന് നൽകാനാണ്. അതിന് മറ്റു വ്യാഖ്യാനങ്ങൾ നൽകേണ്ടതില്ല. ധോണി എവിടെയും പോകില്ല. വിമർശനങ്ങൾ ഉണ്ടെങ്കിലും ധോണി ടീമിലെ പ്രധാന സാന്നിധ്യമാണെന്നും രവി ശാസ്ത്രി പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ധോണിയുടെ ഇന്നിങ്സ് ഏറെ വിമർശിക്കപ്പെട്ടിരുന്നു. 37 റൺസ് നേടിയ അദ്ദേഹത്തിന്റെ ഇന്നിങ്സ് ആക്രമണ ശൈലിയിലായിരുന്നില്ല. ഇതാണ് ക്രിക്കറ്റ് ആരാധകരെ ചൊടിപ്പിച്ചത്. ധോണി വിരമിക്കേണ്ട സമയമായെന്ന് വീണ്ടും ആക്രമണം കടുത്തു. എന്നാൽ കോച്ച് രവി ശാസ്ത്രിയും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ധോണിയെ പിന്തുണച്ച് രംഗത്ത് വരികയായിരുന്നു.

മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ നിരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരമായെങ്കിലും ധോണിക്കെതിരെയാണ് ആരാധകർ വിമർശന ശരം തൊടുത്തത്. 66 പന്തിലായിരുന്നു ക്യാപ്റ്റൻ കൂൾ 42 റൺസ് നേടിയത്. ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് നേടിയ മത്സരത്തിൽ ഏറ്റവും കുറഞ്ഞത് 25-30 റൺസെങ്കിലും കുറഞ്ഞത് ധോണിയുടെ ഈ മെല്ലെപ്പോക്ക് മൂലമാണെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമർശനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook