ന്യൂഡൽഹി: ഇന്ത്യൻ ടീമിൽ എക്കാലത്തെയും തർക്കവിഷയമാണ് ആരാണ് മികച്ച ക്യാപ്റ്റൻ എന്നത്. എന്നും ഇതേപ്പറ്റി തർക്കങ്ങളും ഉടലെടുത്തിരുന്നു. ഇക്കാര്യത്തിൽ പലർക്കും പല അഭിപ്രായങ്ങളാണ്. ധോണിയാണ് മികച്ച ക്യാപ്റ്റനെന്നും അല്ല കോഹ്‌ലിയാണ് മികച്ചതെന്നും അഭിപ്രായമുളളവരുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യയുടെ മുൻ നായകനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലിക്കും ഭിന്നാഭിപ്രായമാണ്.

മഹേന്ദ്ര സിങ് ധോണിയ്ക്ക് ഇന്ത്യൻ ടീമിനെ തുടർച്ചയായി ജയിക്കാൻ പഠിപ്പിച്ച നായകനെന്ന വിശേഷണം ആരാധകർ പതിച്ച് നൽകിയിട്ടുണ്ട്. സൗരവ് ഗാംഗുലിയും ഇത് അംഗീകരിക്കുന്നു. പക്ഷെ ധോണിയുടെ ടെസ്റ്റ് പ്രകടനം അത്ര മികച്ചതാണെന്ന അഭിപ്രായം ഗാംഗുലിക്കില്ല. അതേസമയം കോഹ്‌ലി കൂടുതൽ മെച്ചമാണെന്നും അദ്ദേഹം പറയുന്നില്ല. എന്നാൽ, കോഹ്‌ലി ക്യാപ്റ്റനെന്ന നിലയിൽ വെരി വെരി വെരി ഗുഡ് എന്നാണ് ഗാംഗുലിയുടെ അഭിപ്രായം.

2003 ലോകകപ്പിലെ തോൽവിക്ക് പിന്നാലെ ഗാംഗുലി, ദേശീയ ടീമിലേക്ക് കണ്ടെത്തിയ താരമാണ് എം.എസ്.ധോണി. മധ്യനിരയിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാനെന്ന് തുടക്കത്തിൽ തന്നെ അറിയിച്ച ധോണി പിൽക്കാലത്ത് ഗാംഗുലിയുടെ ഏറ്റവും മികച്ച പിന്തുടർച്ചക്കാരനായി.

ഇന്ത്യയെ ഏകദിന ലോകകപ്പിലും ട്വന്റി ട്വന്റി ലോകകപ്പിലും ജേതാക്കളാക്കിയ ധോണിയെ മികച്ച ക്യാപ്റ്റനെന്നാണ് ഗാംഗുലി വിശേഷിപ്പിച്ചത്. എന്നാൽ ക്യാപ്റ്റൻ കൂളിന്റെ ടെസ്റ്റ് റെക്കോർഡുകളിൽ മുൻ ക്യാപ്റ്റനും ഇന്ത്യയുടെ ഇതിഹാസ താരവുമായ ഗാംഗുലിക്ക് അൽപ്പം എതിരഭിപ്രായമുണ്ട്.

കോഹ്‌ലിയാണോ ധോണിയാണോ മികച്ച ക്യാപ്റ്റനെന്ന ചോദ്യത്തിന് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഗാംഗുലിയുടെ മറുപടി വന്നത്. “ഇത് വളരെ കടുപ്പമേറിയ ചോദ്യമാണ്. ധോണിയാണ് പരിമിത ഓവർ മൽസരങ്ങളിൽ ഇന്ത്യയ്ക്ക് കൂടുതൽ വിജയം നേടിത്തന്ന ക്യാപ്റ്റൻ. അദ്ദേഹത്തിന്റെ നായകത്വത്തിന് കീഴിൽ ടെസ്റ്റിൽ കുറേക്കൂടി മെച്ചപ്പെട്ട പ്രകടനം ഇന്ത്യ കാഴ്ചവയ്‌ക്കേണ്ടതായിരുന്നു,” ഗാംഗുലി പറഞ്ഞു.

വിരാട് കോഹ്‌ലിയെ വെരി വെരി വെരി ഗുഡ് ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ച ഗാംഗുലി പക്ഷെ ലോകത്തെ ഏറ്റവും മികച്ച ക്യാപ്റ്റനെന്ന വിശേഷണം പതിച്ച് നൽകിയത് മുൻ ഓസീസ് നായകൻ സ്റ്റീവ് വോയ്ക്കാണ്. തന്റെ ആത്മകഥയായ എ സെഞ്ചുറി ഈസ് നോട്ട് ഇനഫ് എന്ന പുസ്തകത്തിൽ മഹേന്ദ്ര സിങ് ധോണിയെ ടീമിലേക്ക് തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് ഗാംഗുലി വിശദീകരിച്ചിട്ടുണ്ട്. 2003 ലോകകപ്പിൽ ധോണി ഉണ്ടായിരുന്നെങ്കിലെന്ന് താൻ ആഗ്രഹിച്ചതായും ഗാംഗുലി പുസ്തകത്തിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook