ചെന്നൈ: മഹേന്ദ്ര സിങ് ധോണിയെ എന്നും വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ ശാന്തതയാണ്. ഇന്ത്യൻ ടീമിലെ സീനിയർ താരമായ ധോണി സഹതാരങ്ങളുടെ മാതൃക പുരുഷനുമാണ്. ക്യാപ്റ്റൻകൂൾ എന്ന് ആരാധകർ ചെല്ലപ്പേരിട്ടിരിക്കുന്ന ധോണിയുടെ പുതിയ മാസ്കൂൾ രംഗമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിങ്. ചെന്നൈ എയർപോർട്ടിന്റെ നിലത്ത് വിശ്രമിക്കുന്ന ധോണിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.

വിരാട് കോഹ്‌ലിയും, കെ.എൽ.രാഹുലും, ഹാർദിക് പാണ്ഡ്യയും ചിത്രത്തിലുണ്ട്. മൂവരും എയർപോർട്ടിനുള്ളിലെ നിലത്ത് ഇരിക്കുമ്പോൾ ധോണി നിലത്ത് കിടക്കുകയാണ്. ബിസിസിഐയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിന് ശേഷം ചെന്നൈയിൽ നിന്ന് യാത്ര തിരിക്കുന്നതിന് മുൻപാണ് ഈ സംഭവം. കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് രണ്ടാം ഏകദിനം നടക്കുന്നത്. ആദ്യ ഏകദിനത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ 26 റൺസിന് തോൽപ്പിച്ചിരുന്നു.

മഹേന്ദ്ര സിങ് ധോണിയുടേയും ഹാർദിക് പാണ്ഡ്യയുടെയും മികവിലാണ് ഇന്ത്യ ഓസ്ട്രേലിയയെ തകർത്തത്. തകർച്ചയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയ ഇരുവരുടെയും കൂട്ടുകെട്ടാണ് ഇന്ത്യക്ക് തുണയായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ