ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്.ധോണിയുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി. രാഷ്ട്രപതിയില്‍ നിന്നും താരം ഇന്നലെ പത്മഭൂഷന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയതിന്റെ ഏഴാം വാര്‍ഷിക ദിനത്തിലായിരുന്നു ധോണി പ്രസിഡന്റ് രാംനാഥ് കോവിന്ദില്‍ നിന്നും ബഹുമതി സ്വീകരിച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നായകനാണ് ധോണി. ഐസിസിയുടെ മൂന്ന് ട്രോഫികളും നേടിയ ഏക നായകന്‍. ആ ക്യാപ്റ്റന്‍സിയ്ക്ക് കീഴില്‍ ഇന്ത്യ നേടിയത് പകരം വയ്ക്കാനില്ലാത്ത നേട്ടങ്ങളാണ്. പത്മഭൂഷന്‍ ബഹുമതി ലഭിക്കുന്ന 11-ാമത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് ധോണി. നേരത്തെ 2009 ല്‍ അദ്ദേഹത്തിന് പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു.
പൂർണ സൈനിക വേഷത്തിലായിരുന്നു ധോണി പത്മഭൂഷന്‍ സ്വീകരിക്കാനെത്തിയത്. ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലഫ്.കേണലാണ് ധോണി. 2011ലായിരുന്നു അദ്ദേഹത്തിന് ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്. 2014 ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി 2017 ല്‍ ഏകദിന-ട്വന്റി-20 ടീമുകളുടെ നായകസ്ഥാനവും ഒഴിഞ്ഞു. നേരത്തെ 2007 ല്‍ കായിക രംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.
ഭാര്യ സാക്ഷിയ്‌ക്കൊപ്പമായിരുന്നു ധോണി ചടങ്ങിലെത്തിയത്. ധോണിയ്ക്ക് പുറമെ ബില്യാര്‍ഡ്‌സ് താരം പങ്കജ് അദ്വാനിയും പത്മഭൂഷന്‍ സ്വീകരിച്ചു.