ഐപിഎല്ലില്‍ ചരിത്രം ആവർത്തിച്ചാണ് മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പര്‍ കിങ്സിനെ ഫൈനലില്‍ തോല്‍പ്പിച്ചത്. അവസാന പന്ത് വരെ ആവേശമുയർന്നുനിന്ന മത്സരത്തിൽ, ചരിത്ര നഗരിയായ ഹൈരാബാദിനെ സാക്ഷിയാക്കി മുംബൈ ഇന്ത്യൻസ് ഐപിഎല്ലിലെ നാലാം കിരീടം ഉയർത്തി. ഒരു റണ്ണിനാണ് മുംബൈ ഇന്ത്യൻസ് ചെന്നൈയെ കീഴടക്കിയത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റിന് 149 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് 20 ഓവറിൽ ഏഴ് വിക്കറ്റിന് 148 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. മുംബൈക്കായി ബുമ്ര രണ്ട് വിക്കറ്റ് എടുത്തു. രാഹുൽ ചഹാർ, മലിംഗ, ക്രുണാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.

IPL Final 2019, CSK vs MI Live Score: മുംബൈക്ക് കിരീടം; ചെന്നൈയുടെ തോൽവി ഒരു റൺസിന്

ചെന്നൈയുടെ ഫൈനലിലെ തോല്‍വിക്കും മുമ്പേ തന്നെ ധോണിയുടെ ഐപിഎല്‍ ഭാവിയെ കുറിച്ച് ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഫൈനലിലെ തോല്‍വിക്ക് ശേഷം ഇതിനും മറുപടി പറഞ്ഞാണ് ധോണി മടങ്ങിയത്. അടുത്ത സീസണില്‍ കാണാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ‘പറ്റുമെന്നാണ് പ്രതീക്ഷ’ എന്നാണ് ധോണി പ്രതികരിച്ചത്. ചെന്നൈയുടേയും ധോണിയുടേയും ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ഈ സീസണില്‍ ഫൈനലില്‍ എത്തിയെങ്കിലും ടീം നന്നായി കളിച്ചില്ല എന്ന് തന്നെയാണ് ധോണിയുടെ അഭിപ്രായം. ‘ഒരു ടീമെന്ന നിലയില്‍ ഇത് ഞങ്ങള്‍ക്ക് നല്ല സീസണായിരുന്നു. എന്നാല്‍ മുമ്പ് എങ്ങനെയാണ് ഞങ്ങള്‍ ഫൈനലില്‍ എത്തിയത് എന്ന് കൂടെ നോക്കേണ്ടതുണ്ട്. ആ വര്‍ഷങ്ങളിലെ അത്രയും മികച്ച പ്രകടനം കാഴ്ച വച്ചിട്ടല്ല നമ്മള്‍ ഇവിടെ എത്തിയത്,’ ധോണി പറഞ്ഞു.

‘മധ്യനിരയുടെ പ്രകടനം നല്ലതായിരുന്നില്ല. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ട്രോഫി കൈമാറുക എന്നത് രസകരമായി തോന്നി. ഇപ്പോള്‍ ലോകകപ്പിലെ പ്രകടനത്തിനെ കുറിച്ചാണ് ആലോചിക്കുന്നത്. അത് കഴിഞ്ഞിട്ടാണ് ബാക്കിയുളള മത്സരങ്ങളെ കുറിച്ച് ചിന്തിക്കുക,’ ധോണി പറഞ്ഞു.

വലുതല്ലാത്ത ലക്ഷ്യം തേടിയിറങ്ങിയ ചെന്നൈക്കായി ഭേദപ്പെട്ട തുടക്കമാണ് ഓപ്പൺമാരായ ഡു പ്ലെസിസും (13 പന്തിൽ നിന്നും 26) ഷെയൻ വാട്സണും (59 പന്തിൽ നിന്നും 80) ചേർന്ന് നൽകിയത്. എന്നാൽ തുടക്കത്തിലുണ്ടായ മികവ് നിലനിർത്താൻ ചെന്നൈക്ക് സാധിച്ചില്ല. അവസാന ഓവർ വരെ വാട്സണ്‍ ക്രീസിൽ നിലയുറപ്പിച്ചു. വിക്കറ്റിന് പിറകിൽ ഡികോക്കിന് പിടികൊടുത്ത് ഡുപ്ലെസിസ് മടങ്ങിയതിന് പിന്നാലെ എത്തിയ റെയ്ന (8), റായിഡു (1), നായകൻ ധോണി (2), ബ്രാവോ (15 പന്തിൽ 15) എന്നിവർ ക്രീസിൽ വന്നതും പോയതും പെട്ടെന്നായിരുന്നു.

അവസാന ഓവറിൽ ഒമ്പത് റൺസ് വേണ്ടിയിരുന്ന ചെന്നൈക്കെതിരെ പന്തെറിയാൻ എത്തിയ ലങ്കൻ താരം ലസിത് മലിംഗ പക്ഷെ, അവിശ്വസനീയമാം വിധം മത്സരം മുംബൈയുടെ വരുതിയിലേക്ക് കൊണ്ടുവരികയായിരുന്നു. അവസാന ഓവറിലെ നാലാം പന്തിൽ ഇല്ലാത്ത റണ്ണിനോടിയ വാട്സനെ ക്രുണാല്‍ എറിഞ്ഞ് വീഴ്ത്തിയപ്പോൾ, അവസാന പന്തിൽ രണ്ട് റൺ വേണ്ടിടത്ത്, പന്ത് നേരിട്ട താക്കൂറിനെ മലിംഗ എൽബിഡബ്ല്യുവിൽ കുരുക്കി.

നേരത്തെ, മുംബൈക്കായി അവസാന നിമിഷം തകർത്തടിച്ച പൊള്ളാർഡാണ് (25 പന്തിൽ നിന്നും 41) മുംബെയ്ക്ക് ഭേദപ്പെട്ട സ്കോർ നൽകിയത്. മൂന്ന് വീതം സിക്സും ബൗണ്ടറിയും അടങ്ങുന്നതായിരുന്നു പൊള്ളാർഡിന്റെ ഇന്നിങ്സ്.

ഓപ്പണർമാരായ ഡികോക്കും (17 പന്തിൽ നിന്ന് 29) രോഹിത് ശർമ്മയും (14 പന്തിൽ നിന്നും 15) മികച്ച തുടക്കം നൽകി സ്കോർ ബോർഡിന്‍റെ വേഗം കൂട്ടിയെങ്കിലും, തുടർന്ന് റൺ കണ്ടെത്താൻ പാടുപെടുന്ന മുംബെയെ ആണ് കണ്ടത്. സൂര്യകുമാർ യാദവ് (17 പന്തിൽ നിന്നും 15), ഇഷാൻ കിഷൻ (26 പന്തിൽ നിന്ന് 23), ക്രുണാൽ പാണ്ഡ്യ (7 പന്തിൽ നിന്നും 7), ഹാർദിക് പാണ്ഡ്യ (10 പന്തിൽ നന്നും 16) എന്നിവർ നിലയുറപ്പിക്കും മുമ്പേ മടങ്ങി. മുംബൈ നിരയില്‍ രാഹുൽ ചഹാറും മിച്ചൽ മക്ലിൻഗനും സംപൂജ്യരായി തിരിച്ചു കയറി. ചെന്നൈക്കായി ദീപക് ചഹാർ മൂന്ന് വിക്കറ്റ് എടുത്തു. ശ്രദുൽ താക്കുറും ഇമ്രാൻ താഹിറും രണ്ട് വിക്കറ്റ് വീതമെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook