ഐപിഎല്ലിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് കുതിപ്പ് തുടരുകയാണ്. വയസന്മാരുടെ പടയെന്നറിയപ്പെടുന്ന ചെന്നൈ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ഇന്നലെ ഹൈദരാബാദിനെതിരെ നടന്ന മത്സരവും ജയിച്ച ചെന്നൈ പോയിന്റ് പട്ടികയിലും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഒരു ദിവസത്തേക്ക് മാത്രമാണ് ചെന്നൈ ഒന്നാം സ്ഥാനം ഡൽഹിയ്ക്ക് വിട്ടുനൽകിയത്.

Also Read: ധോണിയുടെ മിന്നൽ സ്റ്റംപിങ്, തീരുമാനത്തിന് കാത്തുനിൽക്കാതെ വാർണർ മടങ്ങി

ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിന് ശേഷം നടന്ന പോസ്റ്റ് മാച്ച് പ്രസന്റേഷനിലാണ് ധോണി ടീമിന്റെ വിജയരഹസ്യത്തെ കുറിച്ച് സംസാരിച്ചത്. ചെന്നൈ സൂപ്പർ കിങ്സിന്റെ വിജയമന്ത്രത്തെ കുറിച്ച് ചോദിച്ച ഹർഷ ഭോഗ്‌ലെയോട് ധോണിയുടെ ആദ്യ മറുപടി ഇങ്ങനെ. “അതിനെ കുറിച്ച് ഞാൻ പറഞ്ഞാൽ അടുത്ത ലേലത്തിൽ എന്നെ ആരും വാങ്ങില്ല. അത് ട്രേഡ് സീക്രട്ടാണ്”

മൂന്ന് ഐപിഎൽ കിരീടങ്ങൾ ചെന്നൈയ്ക്ക് സമ്മാനിച്ച നായകനാണ് ധോണി. ആരാധകരുടെയും മാനേജ്മെന്റിന്റെയും പിന്തുണയാണ് ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചതെന്ന് ധോണി പറഞ്ഞു. ടീമിലെ സാഹചര്യങ്ങൾ മികച്ചതാക്കുന്ന ഓരോ സ്റ്റാഫും വിജയത്തിൽ പങ്കുകാരാണെന്നും ധോണി പറഞ്ഞു. ഇതിൽ കൂടുതലൊന്നും താൻ വിരമിക്കുന്നത് വരെ വെളിപ്പെടുത്താനാകില്ലെന്നും ധോണി കൂട്ടിച്ചേർത്തു.

Also Read: ഒരു ദിവസത്തിന് ശേഷം ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി ചെന്നൈ

കളിച്ച 11 മത്സരങ്ങളിൽ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് ചെന്നൈ പരാജയപ്പെട്ടത്. എട്ട് മത്സരങ്ങൾ ജയിച്ച ചെന്നൈ സൂപ്പർ കിങ്സ് 16 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള ഡൽഹി ക്യാപിറ്റൽസിന്റെ സമ്പാദ്യം 14 പോയിന്റാണ്. ചെന്നൈ പരാജയപ്പെട്ട മൂന്ന് മത്സരങ്ങളിൽ ഒന്നിൽ ടീമിനെ നയിച്ചത് ധോണിയല്ലായിരുന്നു. മറ്റൊരു മത്സരത്തിൽ ചെന്നൈ പരാജയപ്പെട്ടത് ഒരു റൺസിനും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook