ഇന്ത്യന്‍ ക്രിക്കറ്റിന്റെ എന്നല്ല, ലോക ക്രിക്കറ്റിന്റെ തന്നെ ആധുനിക യുഗത്തിന്റെ മുഖമാണ് വിരാട് കോഹ്‌ലി. ഇന്ത്യന്‍ നായകന്റെ കളിക്കളത്തിലെ പ്രകടനവും ഫിറ്റ്‌നസ് മന്ത്രയുമെല്ലാം അദ്ദേഹത്തിന് ലോകമെമ്പാടും ആരാധകരെ സമ്പാദിച്ചു കൊടുത്തിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ഫിറ്റ്‌നസ് മന്ത്രയ്ക്ക് അവര്‍ കടപ്പെട്ടിരിക്കുന്നത് തന്നെ വിരാടിനോടാണ്. രാജ്യത്തിന് കോടിക്കണക്കിന് യുവാക്കളുടെ റോള്‍ മോഡലാണ് വിരാട്.

എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയല്ല. ഒരു സര്‍വ്വേ പ്രകാരം മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയാണ് രാജ്യത്ത് ഏറ്റവും സ്വാധീനമുള്ള സ്‌പോര്‍ട്‌സ് താരം. ബോളിവുഡിലേയും കായികരംഗത്തേയും താരങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് കോഹ്‌ലിയേക്കാള്‍ മുന്നില്‍ വോട്ട് ധോണിക്ക് ലഭിച്ചത്.

അതേസമയം, പട്ടികയില്‍ ഒന്നാമതുള്ളത് ബോളിവുഡിന്റെ ഷെഹന്‍ഷാ അമിതാഭ് ബച്ചനാണ്. രണ്ടാമതുള്ളത് ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ആണ്. പുരുഷ താരങ്ങളെയെല്ലാം മറി കടന്നാണ് ദീപിക രണ്ടാമതെത്തിയിരിക്കുന്നത്. അതേസമയം, ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരമായ അമിതാഭ് ഒന്നാമതെത്തുകയായിരുന്നു.

പട്ടിക പ്രകാരം മൂന്നാമത് ധോണിയും നാലാമത് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെൻഡുല്‍ക്കറുമാണ്. ആറാമതാണ് വിരാട് കോഹ്‌ലിയുടെ സ്ഥാനം. അഞ്ചാമതുള്ളത് അക്ഷയ് കുമാറാണ്. ഏഴും എട്ടും സ്ഥാനത്ത് ബോളിവുഡിന്റെ രാജാക്കന്മാരായ ആമിര്‍ ഖാനും ഷാരൂഖ് ഖാനുമാണുളളത്. പട്ടികയില്‍ ആദ്യ പത്തില്‍ ഒമ്പതിലും പത്തിലുമുളളത് ആലിയ ഭട്ടും പ്രിയങ്ക ചോപ്രയുമാണ്.

ദ യുവ്‌ഗോവ് ഇന്‍ഫ്‌ളുവന്‍സര്‍ ഇന്‍ഡക്‌സ് 2018 ആണ് സര്‍വ്വേ നടത്തിയത്. ആളുകളുടെ ഇഷ്ടം, വിശ്വാസ്യത എന്നിവയും വിവിധ മേഖകളിലുള്ള വിശ്വാസ്യതയുമാണ് സര്‍വ്വേയില്‍ പരിശോധിച്ചത്. പട്ടികയില്‍ ആദ്യ പതിനഞ്ചിലുള്ള മറ്റൊരു സ്‌പോര്‍ട്‌സ് താരം പി.വി.സിന്ധുവാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook