മൈതാനത്ത് നില്‍ക്കുമ്പോള്‍ എംഎസ് ധോണിയെന്ന ബുദ്ധിരാക്ഷസന്റെ ഉള്ളിലെന്താണ് നടക്കുന്നതെന്ന് ആ മുഖത്തു നിന്നും വായിച്ചെടുക്കുക അസാധ്യമാണ്. തന്റെ വികാരങ്ങളെ നിയന്ത്രിച്ച് നിര്‍ത്തുന്നത് ഒരു കലയാക്കി മാറ്റിയെടുത്ത വ്യക്തിയാണ് ധോണി. എന്നാല്‍ കളി കഴിഞ്ഞാല്‍ ടീമിലെ ഏറ്റവും തമാശക്കാരന്മാരിലൊരാള്‍ ആണ് ധോണി. കഴിഞ്ഞ ദിവസം പഞ്ചാബിനെതിരായ മത്സരശേഷമുള്ള ധോണിയുടെ വീഡിയോ വൈറലായി മാറുകയാണ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങളായ ഇമ്രാന്‍ താഹിറിന്റേയും ഷെയ്ന്‍ വാട്‌സണിന്റേയും മക്കള്‍ക്കൊപ്പം ഗ്രൗണ്ടില്‍ ഓടിക്കളിക്കുന്ന ധോണിയുടെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുകയാണ്. കളി കഴിഞ്ഞ് എല്ലാവരും വര്‍ത്തമാനം പറഞ്ഞു നില്‍ക്കുമ്പോഴായിരുന്നു സംഭവം. കുട്ടികള്‍ രണ്ടും ഓട്ട മത്സരം നടത്തി ഓടി തിരികെ തങ്ങളുടെ അച്ഛന്മാര്‍ക്ക് അരികിലെത്തി. ഒന്നുകൂടെ ഓടാം എന്ന് പറഞ്ഞു കൊണ്ടു നില്‍ക്കെ പിന്നില്‍ നിന്നും അപ്രതീക്ഷിതമായി ധോണി ഓടി വരികയും ഇരുവരേയും കടന്ന് ഓടുകയുമായിരുന്നു.

ഇതോടെ കുട്ടികളും ധോണിക്ക് പിന്നാലെ ഓടി. പിന്തിരിഞ്ഞായിരുന്നു ധോണിയുടെ ഓട്ടം. ഒടുവില്‍ താഹിറിന്റെ മകനേയും കൈയ്യിലെടുത്ത് ധോണി തിരിച്ചും ഓടി. വീണ്ടും ഓടണമെന്ന് കുട്ടികള്‍ ആവശ്യപ്പെട്ടെങ്കിലും ധോണി സമ്മതിച്ചില്ല. ഇതത്രയും കണ്ടു കൊണ്ട് താഹിറും വാട്‌സണും സമീപത്തുണ്ടായിരുന്നു.

Read More: ധോണി വടിയെടുത്തപ്പോൾ ദീപക് ചാഹർ വിറച്ചു; നോ ബോളിന് വിക്കറ്റ് വീഴ്‌ത്തി മറുപടി

അതേസമയം, മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 22 റണ്‍സിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പരാജയപ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook