തന്‍റെ ഈ വര്‍ഷത്തെ മത്സരങ്ങളൊക്കെ അവസാനിച്ചതോടെ സ്വന്തം നാടായ റാഞ്ചിയില്‍ അവധി ആഘോഷിക്കുകയാണ് മുന്‍ നായകന്‍ എംഎസ് ധോണി. ട്വന്റി-20 ടീമില്‍ നിന്നും പുറത്തായതോടെ ഇനി ഇന്ത്യന്‍ കുപ്പായത്തില്‍ ധോണിയെ അടുത്ത കൊല്ലമേ കാണാന്‍ സാധിക്കുകയുള്ളൂ. ജനുവരിയിലാണ് ഇന്ത്യ-ഓസീസ് ഏകദിന പരമ്പര. അതുവരെ അടിച്ചു പൊളിക്കാന്‍ തന്നെയാണ് തലയുടെ തീരുമാനം.

ക്രിക്കറ്റ് കളിക്കാന്‍ കഴിയാത്തത് കൊണ്ട് ടെന്നീസ് കളിക്കാന്‍ തീരുമാനിച്ച ധോണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. റാഞ്ചിയിലെ ഒരു പ്രാദേശിക ടൂര്‍ണമെന്റിലാണ് ധോണി ടെന്നീസ് റാക്കറ്റുമായിറങ്ങിയത്. ക്രിക്കറ്റിന് പുറമെ മറ്റ് കായിക ഇനങ്ങളിലും താല്‍പര്യമുള്ളയാളാണ് ധോണി. നേരത്തെ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ധോണി തന്റെ പ്രകടനം കൊണ്ട് കയ്യടി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ടെന്നീസ് കോര്‍ട്ടിലേക്ക് കടന്നു വന്നത്.

ജെഎസ്‌സിഎ കണ്ട്രി ക്രിക്കറ്റ് ക്ലബ്ബ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിലാണ് ധോണി പങ്കെടുത്തത്. ഉദ്ഘാടകനായല്ല, മറിച്ച് കളിക്കാരനായി തന്നെയാണ് ധോണി ഇറങ്ങിയത്. മിക്‌സഡ് ഡബ്ബിള്‍സിലാണ് ധോണി മത്സരിച്ചത്. ഇതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ഇന്നലെ ആരംഭിച്ച ടൂര്‍ണമെന്റ് 30-ാം തിയ്യതി വരെയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook