ചെന്നൈ ക്യാപ്റ്റൻ എം.എസ് ധോണി മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്സിനെതിരെ വെള്ളിയാഴ്ച ഇറങ്ങിയത് ചെന്നൈക്ക് വേണ്ടി തന്റെ ഇരുന്നൂറാം മത്സരത്തിനാണ്. മത്സരത്തിന് തൊട്ട് മുൻപ് മുൻ ചെന്നൈ താരത്തിന്റെ ആശംസയും ധോണിക്കായി എത്തി. ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഷെയിൻ വാട്സന്നാണ് ധോണിക്ക് ആശംസയുമായി ഫേസ്ബുക്കിൽ എത്തിയത്.
2018 ലെ ഐപിഎൽ കിരീടവുമായി നിൽക്കുന്ന ചിത്രം പങ്കുവെച്ച് ഷെയിൻ വാട്സൺ തന്റെ ക്യാപ്റ്റന് ആശംസകൾ നൽകി കുറിച്ചു. ”നിങ്ങളാണ് ടീമിന്റെ ഹൃദയമിടിപ്പ്, കളിയുടെ ഏറ്റവും വലിയ നേതാക്കളിൽ ഒരാൾ. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയുള്ള 200 മത്തെ മത്സരത്തിന് ആശംസകൾ.” 2018 മുതൽ കഴിഞ്ഞ മൂന്ന് വർഷം ഷെയിൻ വാട്സൺ ചെന്നൈ ടീമിന്റെ ഭാഗമായിരുന്നു. 2018ൽ ചെന്നൈ മൂന്നാം കിരീടം നേടിയതിൽ വലിയൊരു പങ്കു വഹിച്ചത് വാട്സൺ ആയിരുന്നു.
Read Also: ജയിക്കുമെന്ന് പ്രതീക്ഷയില്ലാത്ത നായകൻ; തിരുത്തി മില്ലറും മോറിസും
2008 മുതൽ ചെന്നൈക്കായി കളിക്കുന്ന ധോണി ഐപിഎല്ലിലും ചാമ്പ്യൻസ് ട്രോഫിയിലുമായാണ് 200 മത്സരങ്ങൾ ചെന്നൈക്കായി പൂർത്തിയാക്കിയത്. ഇതിൽ ഐപിഎല്ലിൽ ചെന്നൈയെ എട്ട് വർഷം ധോണി പ്ലേയോഫിൽ എത്തിക്കുകയും മൂന്ന് തവണ കിരീടം നേടി കൊടുക്കുകയും ചെയ്തു. ചെന്നൈക്കായി 176 മത്സരങ്ങൾ ഐപിഎല്ലിലും 24 മത്സരങ്ങൾ ചാമ്പ്യൻസ് ട്രോഫിയിലുമാണ് ധോണി കളിച്ചത്.
ചെന്നൈ വിലക്ക് നേരിട്ട രണ്ട് വർഷം റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സിനായി കളിച്ച ധോണി ആകെ 206 മത്സരങ്ങളാണ് ഐപിഎല്ലിൽ കളിച്ചിട്ടുള്ളത്. 4632 റൺസാണ് ധോണിയുടെ ഐപിഎല്ലിലെ സമ്പാദ്യം. വിക്കറ്റിന് പിന്നിൽ കൂടുതൽ പുറത്താക്കലിന് ഉള്ള റെക്കോർഡും ഇന്ത്യൻ താരങ്ങളിൽ കൂടുതൽ സിക്‌സറുകൾ എന്ന റെക്കോർഡും ധോണിയുടെ പേരിലാണ്.