രഞ്ജി ട്രോഫി ക്രിക്കറ്റിൽ ധോണി കളിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ കഴിഞ്ഞ കുറച്ച് നാളുകളായി വളരെ സജീവമാണ്. രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണി രഞ്ജി ട്രോഫിയും കളിച്ചിരുന്നില്ല. എന്നാൽ മികച്ച ഫോം നിലനിർത്താൻ ധോണി രഞ്ജി ട്രോഫിയിൽ കളിക്കണമെന്നും അല്ലെങ്കിൽ ഇന്ത്യൻ ടീമിൽ അദ്ദേഹത്തിന്റെ സ്ഥാനം അവതാളത്തിലാകുമെന്നും കഴിഞ്ഞയിടയ്ക്ക് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ പറഞ്ഞിരുന്നു.

ഇതിന് മറുപടിയുമായി രംഗത്തെത്തിരിക്കുകയാണ് ജാർഖണ്ഡ് പരിശീലകൻ രവി കുമാർ. ധോണി ടീമിനൊപ്പം കളിക്കാനിറങ്ങിയാൽ മറ്റൊരു യുവതാരത്തിന്റെ അവസരം നഷ്ടമാകുമെന്നും അങ്ങനെ ചെയ്യാൻ താരത്തിന് താൽപര്യമില്ലാത്തതിനാൽ മനഃപൂർവ്വം ധോണി ടീമിൽ നിന്ന് മാറിനിൽക്കുന്നതാണെന്ന് രവി കുമാർ പറഞ്ഞു.

”ധോണി രഞ്ജി ട്രോഫിയിൽ കളിക്കണമെന്നുള്ള സംസാരം സജീവമാണ്. എന്നാൽ നിങ്ങൾ ഒരു കാര്യം മനസിലാക്കണം, ധോണി ടീമിലെത്തിയാൽ മറ്റൊരു യുവതാരത്തിനാകും അവസരം നഷ്ടമാവുക. ധോണി അങ്ങനെ ചെയ്യുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? നിലവിൽ അവസരം ലഭിക്കുന്ന ഓരോ മത്സരങ്ങളിലും മികച്ച പ്രകടനം നടത്തി ദേശീയ ശ്രദ്ധയാകർഷിക്കാനാണ് ടീമിലെ യുവതാരങ്ങൾ ശ്രമിക്കുന്നത്. എന്നാൽ റാഞ്ചിയിൽ എവിടെയുണ്ടെങ്കിലും ടീമിനെ സഹായിക്കാനും യുവതാരങ്ങളെ പരിശീലിപ്പിക്കാനും ധോണി ഓടിയെത്തും,” രവി കുമാർ പറഞ്ഞു.

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്.ധോണിയും ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാനും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തതിനെതിരെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തിയിരുന്നു. ലോകകപ്പിന് ആറ് മാസം മാത്രം ബാക്കിയുള്ളപ്പോള്‍ രണ്ടു പേരും എന്തുകൊണ്ട് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നില്ലെന്നും അതിന് ബിസിസിഐ എങ്ങനെ അനുമതി കൊടുക്കുമെന്നുമാണ് ഗവാസ്‌കര്‍ അന്ന് ചോദിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook