റൈസിങ് പുണെ സൂപ്പർജയന്റ്സിന്റെ വിജയത്തിന് മഹേന്ദ്ര സിങ് ധോണി നൽകിയ ഉപദേശങ്ങൾക്ക് നന്ദി പറഞ്ഞ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ”അസാധാരണ കഴിവുളള വ്യക്തിയാണ് ധോണി. അദ്ദേഹത്തിന് കളിയെക്കുറിച്ച് നന്നായിട്ട് അറിയാം. ഒരു ബാറ്റ്സ്മാനെ കൃത്യസമയത്ത് പുറത്താക്കുക എന്നത് ഒരു വിക്കറ്റ് കീപ്പറെ സംബന്ധിച്ചിടത്തോളം അഭിനന്ദനം അർഹിക്കുന്നതാണ്. ധോണിയുടെ പ്രകടനം ടീമിന് ഏറെ ഗുണകരമായിട്ടുണ്ട്. എന്നെയും ടീമിനെയും അദ്ദേഹം ഇനിയും സഹായിക്കുമെന്ന് ഉറപ്പുണ്ട്. ഐപിഎല്ലിലെ ശേഷിക്കുന്ന മൽസരങ്ങളിലും വിജയം നേടുമെന്നാണ് പ്രതീക്ഷയെന്നും” സ്മിത്ത് പറഞ്ഞു.

”വളരെ പെട്ടെന്നാണ് ധോണി ബാറ്റ്സ്മാനെ പുറത്താക്കുന്നത്. ഈ ടൂർണമെന്റിലും ധോണി ഈ പ്രകടനം ടീമിന് നൽകിയിട്ടുണ്ട്. ടീമിനു വേണ്ടി മികച്ച പ്രകടനാണ് ധോണി നടത്തിയത്. ടീമിന് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തിയതിൽ ധോണിയുടെ പങ്കുണ്ടെന്നും” സ്മിത്തിന്റെ വാക്കുകൾ.

ഐപിഎല്ലിലെ ഈ സീസണിൽ ഒൻപതു മൽസരങ്ങളിൽനിന്നായി ധോണി 173 റൺസ് നേടിയിട്ടുണ്ട്. ധോണിയുടെ മികച്ച പ്രകടനമാണ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ പുണെയ്ക്ക് വിജയം നേടിക്കൊടുത്തത്. ധോണി മൽസരത്തിൽ 61റൺസെടുത്തിരുന്നു. ഇന്നലെ നടന്ന മൽസരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെയും പുണെ വിജയിച്ചിരുന്നു. ധോണി പുറത്താകാതെ 17 പന്തിൽനിന്നും 21 റൺസെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook