ക്രിക്കറ്റിൽ നിന്ന് രണ്ട് മാസത്തെ ഇടവേളയെടുത്ത മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണി ഇപ്പോൾ സൈനിക സേവനത്തിലാണ്. സൈന്യത്തിലാണെങ്കിലും കായിക മേഖലയിൽ നിന്ന് അങ്ങനെയങ്ങ് മാറി നിൽക്കുന്നില്ല ധോണി. സൈനികർക്ക് ഒപ്പം വോളിബോൾ കളിക്കുന്ന ധോണിയുടെ വീഡിയോയാണ് ഇപ്പോൾ സമൂ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ക്രിക്കറ്റ് മാത്രമല്ല തനിക്ക് വഴങ്ങുന്നതെന്ന് ഫുട്ബോൾ മൈതാനത്ത് നേരത്തെ തെളിയിച്ച ധോണി വോളിബോൾ കോർട്ടിലും താരമായി.

ലോകകപ്പിലെ മെല്ലപ്പോക്കിന് പിന്നാലെ ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്ന ധോണി, സെമിയിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായതിന് പിന്നാലെ ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുകയായിരുന്നു. പിന്നാലെ സൈനിക സേവനത്തിനും അപേക്ഷ നൽകി. ജൂലൈ 31 മുതൽ സൈനിക സേവനം നടത്തുന്ന ധോണി പോസ്റ്റ് ഡ്യൂട്ടി, കാവൽ, പട്രോളിങ് ഉൾപ്പടെയുള്ള സൈനിക ഡ്യൂട്ടികൾ ചെയ്യും. ഓഗസ്റ്റ് 15 വരെയാണു കശ്മീരിൽ ധോണി സൈനിക സേവനം നടത്തുന്നത്.

Also Read: പട്ടാളക്യാമ്പിലും ആരാധകര്‍; സൈനിക ഉദ്യോഗസ്ഥന് ബാറ്റില്‍ ഓട്ടോഗ്രാഫ് നല്‍കി ധോണി

നേരത്തെ സൈനികർക്ക് ക്രിക്കറ്റ് ബാറ്റിൽ ഒപ്പിട്ടു നൽകുന്ന എം.എസ്.ധോണിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ വോളിബോൾ കളിയും ആരാധകർ ഏറ്റെടുത്തത്.

അതേസമയം ധോണിയുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും സൈന്യം അറിയിച്ചു. ധോണിയ്ക്ക് സൈനിക പരിശീലനം നേരത്തെ തന്നെ നല്‍കിയിട്ടുണണ്ടെന്നും അതിനാല്‍ അദ്ദേഹത്തിന് ഏല്‍പ്പിക്കുന്ന ദൗത്യം നിറവേറ്റാനാകുമെന്നും സൈന്യം പറയുന്നു. സ്ഥിരമായി സൈന്യത്തിനൊപ്പം പ്രവര്‍ത്തിക്കാത്ത ആളായതിനാല്‍ തന്നെ ധോണിയുടെ സുരക്ഷ സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ അതിനൊന്നും പ്രസക്തിയില്ലെന്നാണ് കരസേന മേധാവി ബിപിന്‍ റാവത്ത് പറയുന്നത്. മറ്റേതൊരു സൈനികനും ഉള്ളതുപോലെ തന്നെ ഉത്തരവാദിത്വം ധോണിക്കും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook