സമയം വെറുതെ കളയുന്നത് ഇന്ത്യൻ മുൻ നായകൻ എം.എസ്.ധോണിക്ക് ഇഷ്ടമല്ല. മൽസരത്തിനിടയിൽ സമയം വെറുതെ കിട്ടിയാൽ ധോണി അപ്പോൾ കിടന്നുറങ്ങും. ക്രിക്കറ്റ് മൈതാനത്ത് ധോണി കിടന്നുറങ്ങുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ എത്തിയപ്പോഴും സമയം കളയാതെ ധോണി തറയിൽ കിടന്നുറങ്ങി. ഇതിന്റെ ചിത്രങ്ങളും വൈറലായിരുന്നു. എന്നാൽ ഇനി ഉറങ്ങി സമയം കളയാൻ ധോണി തയാറല്ല. അതിനൊരു പുതിയൊരു വഴിയും ധോണി കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിനു മുൻപായുളള പരിശീലനം മഴ മൂലം വേണ്ടെന്നുവച്ചിരുന്നു. ഇതോടെ എന്തു ചെയ്യുമെന്ന് ആലോചിച്ച ധോണി നേരെ പോയത് കൊൽക്കത്ത പൊലീസ് ട്രെയിനിങ് സ്കൂളിലേക്കായിരുന്നു. വെടിവയ്ക്കാൻ പരിശീലിക്കുകയായിരുന്നു ധോണിയുടെ ലക്ഷ്യം. ധോണിയെ കണ്ടപ്പോൾ പൊലീസുകാർക്കും സന്തോഷം. ബാറ്റ് മാത്രമല്ല തോക്കും തന്റെ കൈകൾക്ക് വഴങ്ങുമെന്ന് ധോണി തെളിയിച്ചു. ധോണി വെടിവയ്ക്കാൻ പരിശീലിക്കുന്നതിന്റെ വിഡിയോ കൊൽക്കത്ത പൊലീസ് അവരുടെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കൊൽക്കത്തയിലെ ഏദൻസ് ഗാർഡനിലാണ് ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനം നടക്കുന്നത്. ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയയെ ഇന്ത്യ 26 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യയെ വിജയത്തിന് നെടുതൂണായതും ധോണിയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook