ഇതിഹാസ താരം സച്ചിന്‍ ടെൻഡുല്‍ക്കറും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും തമ്മിലുള്ള താരതമ്യം ക്രിക്കറ്റ് ചര്‍ച്ചകളിലെ സ്ഥിരം ടോപ്പിക്കാണ്. സച്ചിനാണോ വിരാടാണോ മികച്ചതെന്നത് ആരാധകരെ കുഴപ്പത്തിലാക്കുന്ന ചോദ്യമാണ്. ഈ ചോദ്യത്തിന് തങ്ങളുടെ ഉത്തരം പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ താരങ്ങളായ കെ.എല്‍.രാഹുലും ഹാർദിക് പാണ്ഡ്യയും. കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ‘കോഫി വിത്ത് കരണ്‍’ പരിപാടിയിലായിരുന്നു താരങ്ങള്‍ മനസ് തുറന്നത്.

സച്ചിനാണോ വിരാട് കോഹ്‌ലിയാണോ മികച്ച ബാറ്റ്‌സ്മാന്‍ എന്ന ചോദ്യത്തിന് ഇരുവരും നല്‍കിയ ഉത്തരം വിരാട് എന്നായിരുന്നു. വിരാട് ആണോ ധോണിയാണോ മികച്ച നായകന്‍ എന്ന ചോദ്യത്തിന് രണ്ടു പേരും തിരഞ്ഞെടുത്തത് മുന്‍ നായകന്‍ എം.എസ്.ധോണിയെ ആയിരുന്നു.

താരങ്ങളുടെ തുറന്നു പറച്ചില്‍ ഒരു വിഭാഗം ആരാധകര്‍ക്ക് അത്ര സുഖിച്ചിട്ടില്ല. ക്രിക്കറ്റ് ദൈവമായി കരുതുന്ന സച്ചിനെക്കാള്‍ മികച്ചവന്‍ വിരാട് ആണെന്ന അഭിപ്രായം പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. മുമ്പ് ഇതേ ചോദ്യം വിരാടിനോട് ചോദിച്ചപ്പോള്‍ സച്ചിനെ താനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തോട് കാണിക്കുന്ന അനീതിയാണെന്നായിരുന്നു പറഞ്ഞത്.

പരിപാടിയില്‍ സംസാരിക്കവെ തന്റെ ജീവിതത്തിലെ രസകരമായ സംഭവം രാഹുല്‍ വെളിപ്പെടുത്തി. രാഹുലിന്റെ അച്ഛനും അമ്മയും പ്രൊഫസര്‍മാരാണ്. സഹോദരി എൻജിനീയറും. സഹോദരിയെ പോലെ രാഹുലും എൻജിനീര്‍ ആകുന്നത് കാണാനായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. എൻജിനീയറിങ് ഉപേക്ഷിച്ച് ക്രിക്കറ്ററാകാനുള്ള രാഹുലിന്റെ തീരുമാനത്തോട് വീട്ടുകാര്‍ക്ക് അതൃപ്തിയായിരുന്നു.

”എനിക്ക് എൻജിനീയറാകാന്‍ സാധിച്ചില്ലല്ലോ, വീട്ടിലെ ചുമരില്‍ എൻജിനീയറിങ്ങിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലല്ലോ എന്നു പറഞ്ഞ് അമ്മ എപ്പോഴും വിഷമിച്ചിരുന്നു. രാജ്യത്തിന് വേണ്ടി കളിച്ച് സെഞ്ചുറി നേടിയിട്ടും സന്തോഷമായില്ലേ എന്നു ഞാന്‍ ചോദിക്കുമായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് എനിക്ക് ആര്‍ബിഐയില്‍ ജോലി ലഭിക്കുന്നത്. അപ്പോഴാണ് അവര്‍ ഏറ്റവും സന്തോഷിച്ച് ഞാന്‍ കണ്ടത്, സെഞ്ചുറി നേടിയതിനേക്കാളും രാജ്യത്തെ ജയിപ്പിച്ചപ്പോഴുള്ളതിനേക്കാളും. എനിക്കൊരു സ്ഥിര ജോലി എന്നതാണ് അവരെ സന്തോഷിപ്പിച്ചത്” രാഹുല്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook