മുംബൈ: കഴിഞ്ഞ കുറേ നാളുകളായി ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ച വിഷയങ്ങളിൽ ഒന്ന് ധോണിയുടെ വിരമിക്കലാണ്. ഏകദിന ലോകകപ്പിലെ തോൽവിക്ക് പിന്നാലെ താരം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് ഇടവേള കൂടി എടുത്തതോടെ ചർച്ച ഒന്നുകൂടെ സജീവമായി. ആരാധകരും താരങ്ങളുമെല്ലാം വിഷയത്തോട് പ്രതികരിച്ച് കഴിഞ്ഞു. ഏറ്റവും ഒടുവിൽ ചോദ്യങ്ങൾക്കും ആശങ്കകൾക്കും മറുപടിയായി ധോണി തന്നെ രംഗത്തെത്തിയിരിക്കുന്നു. ജനുവരി വരെ തന്നോട് വിരമിക്കലുമായി ബന്ധപ്പെട്ട് ഒന്നും ചോദിക്കരുതെന്നാണ് ധോണി പറഞ്ഞത്.

മുംബൈയിലെ ഒരു ചടങ്ങിൽ സംസരിക്കുമ്പോഴാണ് ധോണി കാര്യത്തിൽ വ്യക്തത വരുത്തിയത്. അതേസമയം, ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി ഏഷ്യ XIന് വേണ്ടി താരം കളിക്കുമെന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നു.

Read Also: ഇതാണെന്റെ ദാമ്പത്യ രഹസ്യം; വെളിപ്പെടുത്തി എം.എസ്.ധോണി

ധോണിയുടെ രാജ്യാന്തര കരിയർ ഏറെ നാളായി ക്രിക്കറ്റ് ലോകത്തെ വലിയ ചർച്ചകളിൽ ഒന്നാണ്. സൗരവ് ഗാംഗുലി ഉൾപ്പടെയുള്ള ഇതിഹാസ താരങ്ങൾ നേരത്തെ തന്നെ വിഷയത്തിൽ അഭിപ്രായം പറഞ്ഞിരുന്നു. ബിസിസിഐ അധ്യക്ഷനായ ശേഷം നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിലും ധോണിയുടെ വിരമിക്കൽ വിഷയമായി. ധോണിയുടെ മനസിൽ എന്താണെന്ന് അറിയില്ലെന്നും എന്നാൽ ധോണിയെപ്പോലെ ഒരു താരത്തിന് വേണ്ടത്ര ബഹുമാനവും പരിഗണനയും ലഭിക്കണമെന്നും ഗാംഗുലി പറഞ്ഞിരുന്നു.

നേരത്തെ ഇന്ത്യന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെ മുന്‍ താരം ഗൗതം ഗംഭീര്‍ രംഗത്തെത്തിയിരുന്നു. ഭാവി കാര്യങ്ങളെക്കറിച്ച് ധോണിയോട് സെലക്ടര്‍മാര്‍ സംസാരിക്കണമെന്നു ഗംഭീര്‍ പറഞ്ഞു. ഇന്ത്യയ്ക്കുവേണ്ടി ക്രിക്കറ്റ് കളിക്കുമ്പോള്‍ സ്വന്തം താത്പര്യങ്ങളും ആഗ്രഹങ്ങളും മാത്രം പരിഗണിച്ച് പരമ്പരകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കില്ലെന്നു ഗംഭീര്‍ തുറന്നടിച്ചു. ലോകകപ്പ് ക്രിക്കറ്റിനു ശേഷം ധോണി ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടില്ല. ടീമിന്റെ മുന്‍പോട്ടുള്ള യാത്രയില്‍ ധോണിയുടെ സ്ഥാനം എന്താണെന്നതിനെക്കുറിച്ച് ബോധ്യം വേണമെന്നും ഗംഭീര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook