മെൽബണിൽ മൂന്നാം ഏകദിനത്തിന് ഇന്ത്യ ഇറങ്ങുമ്പോൾ നായകൻ വിരാട് കോഹ്‌ലിയും മുൻ നായകൻ എം.എസ്.ധോണിയും നോട്ടമിടുന്നത് റെക്കോർഡുകളിലേക്കാണ്. കരിയറിലെ ചരിത്ര നേട്ടത്തിനാണ് ധോണി ലക്ഷ്യമിടുന്നത്. ഓസ്ട്രേലിയയിൽ കളിച്ച ഏകദിന മത്സരങ്ങളിൽനിന്ന് 1,000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡാണ് ധോണി ലക്ഷ്യമിടുന്നത്. മെൽബണിൽ 34 റൺസ് നേടിയാൽ ധോണി ഈ നേട്ടം കൈവരിക്കും. അങ്ങനെ ആയാൽ ഈ നേട്ടം കൈവരിക്കുന്ന നാലാമത് ഇന്ത്യൻ ബാറ്റ്സ്മാനായി ധോണി മാറും. സച്ചിൻ ടെൻഡുൽക്കർ, വിരാട് കോഹ്‌ലി, രോഹിത് ശർമ്മ എന്നിവരാണ് നിലവിൽ ഈ നേട്ടം കൈവരിച്ച താരങ്ങൾ.

ഓസ്ട്രേലിയയിൽ നടന്ന ഏകദിന മത്സരങ്ങളിൽ നിന്നായി ധോണി 966 റൺസാണ് നേടിയത്. മെൽബണിൽ 34 റൺസ് കൂടി നേടാനായാൽ ധോണിയുടെ കരിയറിലെ മികച്ചൊരു നേട്ടമാകും അത്. ഓസ്ട്രേലിയക്കെതിരായ സിഡ്‌നി, അഡ്‌ലെയ്ഡ് ഏകദിനങ്ങളിൽ ധോണി അർധ സെഞ്ചുറി നേടിയിരുന്നു. രണ്ടാം ഏകദിനത്തിൽ 54 ബോളിൽനിന്നും 55 റൺസെടുത്ത ധോണി ഏകദിനത്തിൽ 10,000 റൺസ് എന്ന നേട്ടവും കൈവരിച്ചിരുന്നു. ധോണിയുടെ ക്ലാസ് ഇന്നിങ്സാണ് ഓസ്ട്രേലിയയെ ആറു വിക്കറ്റിന് പരാജയപ്പെടുത്താൻ ഇന്ത്യയെ സഹായിച്ചത്.

അതേസമയം, ക്രിക്കറ്റ് ഇതിഹാസം ബ്രെയിൻ ലാറയുടെ റെക്കോർഡ് മറികടക്കാനാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ ലക്ഷ്യം. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ 10-ാ സ്ഥാനത്താണ് ലാറ. ലാറയുടെ അക്കൗണ്ടിൽ 10405 റൺസാണുള്ളത്. കോഹ്‌ലിയുടെ പേരിൽ 10339 റൺസാണുള്ളത്. ലാറയെ പിന്നിലാക്കാൻ കോഹ്‌ലിക്ക് ഇനി വേണ്ടത് 67 റൺസാണ്. മെൽബണിലെ ഏകദിനത്തിൽ കോഹ്‌ലി ഇതു മറികടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ലാറ 299 മത്സരങ്ങളിൽനിന്നാണ് 10405 റൺസെന്ന നേട്ടം കൈവരിച്ചത്. കരിയറിൽ 19 സെഞ്ചുറികളും 63 അർധ സെഞ്ചുറികളും ലാറയുടെ പേരിലുണ്ട്. ലാറയുടെ ബാറ്റിങ് ശരാശരി 40.48 ആണ്. 2007 ൽ നടന്ന ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ലാറ തന്റെ അവസാന ഏകദിന മത്സരം കളിച്ചത്.

ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ മുന്നിൽ സച്ചിൻ ടെൻഡുൽക്കറാണ്. 436 ഏകദിനങ്ങളിൽ നിന്നായി 18,426 റൺസാണ് സച്ചിന്റെ സമ്പാദ്യം. ഇതിൽ 49 സെഞ്ചുറികളും 96 അർധ സെഞ്ചുറികളും ഉൾപ്പെടും. 14,234 റൺസുമായി കുമാർ സംഗക്കാരയാണ് തൊട്ടുപിന്നിൽ. റിക്കി പോണ്ടിങ് (13704), സനത് ജയസൂര്യ (13430), മഹേല ജയവർധന (12650) എന്നിവരാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook