മുംബൈ: ഇന്ത്യന്‍ താരം എംഎസ് ധോണിയ്ക്കെതിരെ വീണ്ടും ആരോപണവുമായി യുവരാജ് സിങ്ങിന്റെ പിതാവ് രംഗത്ത്. യുവരാജ് ടീമിന് പുറത്തായതിന് പിന്നില്‍ ധോണിയാണെന്ന് പലവട്ടം ആരോപിച്ചിട്ടുള്ള യോഗ് രാജ് ഇത്തവണ ഇന്ത്യയുടെ ലോകകപ്പ് സെമിയിലെ തോല്‍വിക്കും കാരണം ധോണിയാണെന്നാണ് പറയുന്നത്.
ന്യൂസിലന്‍ഡിനെതിരെ 18 റണ്‍സിനായിരുന്നു ഇന്ത്യ സെമിയില്‍ തോല്‍ക്കുന്നത്. മാര്ട്ടിന് ഗപ്റ്റിലിന്റെ ത്രോയില്‍ ധോണി പുറത്തായതോടെയാണ് ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ അസ്തമിച്ചത്. എന്നാല്‍ ധോണി മനപ്പൂര്‍വ്വം പുറത്താകുകയായിരുന്നുവെന്നാണ് യോഗ് രാജിന്റെ ആരോപണം. മറ്റൊരു ഇന്ത്യന്‍ നായകനും ലോകകപ്പ് ഉയര്‍ത്തുന്നത് ധോണിക്ക് ഇഷ്ടമല്ലെന്നും അതിനാല്‍ ധോണി സ്വയം ടീമിനെ തോല്‍പ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യ വിജയത്തോട് അടുത്തതാണെന്നും എന്നാല്‍ അവസരം ഉപയോഗിക്കേണ്ട എന്ന് ധോണി തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുള്ള ധോണിക്ക് ആ സമയത്ത് എന്ത് ചെയ്യണമെന്ന് അറിയാമായിരുന്നുവെന്നും എന്നിട്ടും ധോണി ഹാര്‍ദിക് പാണ്ഡ്യയ്ക്കും രവീന്ദ്ര ജഡേജയ്ക്കും തെറ്റായ നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയുടെ ലോകകപ്പ് യാത്ര അവസാനിച്ചതോടെ ചര്‍ച്ചകളെല്ലാം എംഎസ് ധോണിയുടെ ഭാവിയെ കുറിച്ചാണ്. ധോണി തുടരുമോ അതോ വിരമിക്കുമോ എന്നതാണ് ചര്‍ച്ച. ഇതിനിടെ അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ധോണി ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്.
സെലക്ടര്‍മാര്‍ ധോണിയുമായി വിരമിക്കലിനെ കുറിച്ച് സംസാരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം വിന്‍ഡീസ് പര്യടനത്തില്‍ നിന്നും ധോണി സ്വയം പിന്മാറിയെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യുമാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ആദ്യം നടക്കുക. പിന്നാലെ ടെസ്റ്റ് പരമ്പരയും അരങ്ങേറും. ബിസിസിഐ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ധോണി പര്യടനത്തിലുണ്ടാകില്ല.
”എംഎസ് ധോണി വെസ്റ്റ് ഇന്‍ഡീസിലേക്ക് പോകില്ല. ഇനി മുതല്‍ ഇന്ത്യന്‍ ടീമിനൊപ്പം രാജ്യത്തിന് അകത്തും പുറത്തും ഒരു ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി ധോണിയുണ്ടാകില്ല. ഋഷഭ് പന്തായിരിക്കും പകരക്കാരന്. അവനെ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം” ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ ബിസിസിഐയുമായ വൃത്തം പറയുന്നു.
”അദ്ദേഹം 15 അംഗ ടീമിലുണ്ടാകും, പക്ഷെ 11 അംഗ ടീമിലുണ്ടാകില്ല. ടീമിനൊരു മാര്‍ഗ്ഗ നിര്ദ്ദേശിയെയാണ് വേണ്ടത്. ധോണിയതിന് ഉചിതനാണ്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധോണിയുടെ വിരമിക്കലിനെ കുറിച്ചും കൂടുതല്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം സ്വയം പിന്മാറുമെന്നും അദ്ദേഹം പറയുന്നു.