ന്യൂഡല്‍ഹി: യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് (ഐപിഎല്‍) ശേഷം ചെന്നൈ സൂപ്പര്‍ കിങ്സ് നായകന് എം.എസ്.ധോണി കളം വിടുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ആരാധകര്‍. എന്നാല്‍ ആരാധകര്‍ക്ക് ആശ്വാസം നല്കുന്ന സൂചനകളാണ് ചൈന്നൈ ടീം മാനേജ്മെന്റ് നല്‍കുന്നത്.
ധോണിയുടെ അവസാന ഐപിഎല്‍ ആയിരിക്കുമോ ഇതെന്ന ചോദ്യത്തിന് “ഞാന്‍ അങ്ങനെ കരുതുന്നില്ല” എന്നായിരുന്നു ചെന്നൈ മാനേജ്മെന്റ് വ്യത്തങ്ങള്‍ പറയുന്നത്. ധോണിയുടെ അവസാന മത്സരം ചെപ്പോക്കില്‍ വച്ചായിരിക്കാനാണ് സാധ്യത കൂടുതലെന്നും അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിന് ശേഷവും ധോണി ഐപിഎല്ലില്‍ തുടരുന്നത് സംബന്ധിച്ച് സൂചന നല്‍കിയിരുന്നു. “നിങ്ങളെന്നെ അടുത്ത സീസണിലും മഞ്ഞക്കുപ്പായത്തില്‍ കാണും. പക്ഷെ കളിക്കാരനായിട്ടാണോ എന്നതില്‍ ഉറപ്പു പറയാനാകില്ല,” ധോണി പറഞ്ഞു.
“നിരവധി കാര്യങ്ങള്‍ക്ക് ഇപ്പോള്‍ വ്യക്തത ഇല്ല. രണ്ട് പുതിയ ടീമുകള്‍ കൂടി വരുന്നുണ്ട്. എത്ര ഇന്ത്യന്‍ താരങ്ങളെ ഒരു ടീമില്‍ നിലനിര്‍ത്താം എന്നത് അറിയില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനുണ്ട്. അതിന് ശേഷമായിരിക്കും അന്തിമ തീരുമാനം,” ധോണി കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലില്‍ ധോണിയുടെ മോശം ഫോം തുടരുകയാണ്. ഈ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് നേടിയത് 96 റണ്‍സ് മാത്രം. പ്രഹര ശേഷിയാകട്ടെ നൂറില്‍ താഴെയും. ശരാശരി 13.71 മാത്രമാണ്. 2020 ഓഗസ്റ്റ് 15 നാണ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.