മുംബൈ: വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായ മഹേന്ദ്ര സിങ് ധോണിയെ പത്മഭൂഷൺ പുരസ്കാരത്തിന് ശുപാർശ ചെയ്ത് ബിസിസിഐ. പത്മ പുരസ്‌കാരത്തിനായി ഇത്തവണ ബിസിസിഐ ധോണിയുടെ പേര് മാത്രമേ ശുപാര്‍ശ ചെയ്തിട്ടുള്ളു. രാജ്യത്തെ മൂന്നാമത്തെ സിവിലിയന്‍ പുരസ്‌കാരമാണ് പത്മഭൂഷണ്‍. ഇന്ത്യയ്ക്കായി 2 ലോകകിരീടങ്ങൾ നേടിത്തന്ന നായകനായ ധോണി ക്രിക്കറ്റിന് നൽകിയ സംഭാവന മഹത്തരമാണെന്ന് ബിസിസിഐ വക്താവ് പ്രതികരിച്ചു.

വിജയങ്ങളുടെയും നേട്ടങ്ങളുടെയും കണക്കെടുത്താൽ ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകനാണ് ധോണി എന്ന് വിലയിരുത്തേണ്ടിവരും. 2011ല ഏകദിന ലോകകപ്പും 2007ലെ ട്വന്റി20 ലോകകപ്പും ധോണിയുടെ നായകത്വത്തിലാണ് ഇന്ത്യ സ്വന്തമാക്കിയത്. രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്‌നയും ധോണിക്ക് ലഭിച്ചിട്ടുണ്ട്. അര്‍ജുന അവാർഡും പത്മശ്രീ പുരസ്‌കാരവും ധോണിയെ തേടിയെത്തിയിട്ടുണ്ട്.

രാഹുൽ ദ്രാവിഡ്, കപിൽദേവ്, സുനിൽ ഗവാസ്ക്കർ, വിനു മങ്കാദ്, കോട്ടാരി നായിഡു, രാജാ ബലേന്ദ്ര സിങ്, ചന്ദു ബോർദെ, എന്നിവരാണ് ഇതിന് മുൻപ് പത്മഭൂഷൺ പുരസ്കാരം നേടിയിട്ടുള്ളത്. 36 കാരനായ ധോണി 303 ഏകദിന മത്സരങ്ങളില്‍ നിന്നായി 9737 റണ്‍സ് നേടിയിട്ടുണ്ട്. 90 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 4876 റണ്‍സാണ് ധോണിയുടെ നേട്ടം. 78 ട്വന്റി20 മത്സരങ്ങള്‍ കളിച്ച ധോണി 1212 റണ്‍സ് നേടിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook