മുംബൈ: ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രിത്തില്‍ തങ്കലിപികളിലായിരിക്കും എംഎസ് ധോണിയെന്ന പേര് എഴുതിച്ചേര്‍ക്കുക. ക്യാപ്റ്റനെന്ന നിലയിലും താരമെന്ന നിലയിലും കഴിഞ്ഞ 15 വര്‍ഷത്തോലധികമായി ഇന്ത്യയ്ക്ക് ധോണി നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്.
എന്നാലിന്ന് ധോണി വിമര്‍ശനങ്ങള്‍ക്ക് പാത്രമായി മാറിയിരിക്കുകയാണ്. പ്രായം താരത്തെ തളര്‍ത്തിയിട്ടുണ്ടെന്ന് പകല്‍ പോലെ വ്യക്തമായ സത്യമാണ്. താരത്തിന്റെ ഭാവിയെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്ക് പഞ്ഞമില്ല. ലോകകപ്പിലും മോശം പ്രകടനത്തിന് പഴി കേട്ട ധോണിയെന്ന 38 കാരന്‍ വിരമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തന്റെ പദ്ധതി ധോണി എവിടേയും വെളിപ്പെടുത്തിയിട്ടില്ല.
ലോകകപ്പിന്റെ ഇന്ത്യയെ ഫൈനലില്‍ എത്തിക്കാനാകാതെ സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ തോറ്റ് ധോണി പുറത്തേക്ക് നടക്കുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. ക്രിക്കറ്റ് ലോകം ഇതിന് മുമ്പൊരിക്കല്‍ പോലും ധോണിയെ അങ്ങനെ കണ്ടിരുന്നില്ല. അതുകൊണ്ട് തന്നെ കണ്ടുനിന്നവര്‍ അതുവരെയുണ്ടായിരുന്ന അമര്‍ഷമെല്ലാം മറന്ന് ധോണിയ്‌ക്കൊപ്പം വിതുമ്പി. എന്നാല്‍ പുറത്താകലിന്റെ വേദനങ്ങള്‍ അവസാനിക്കുമ്പോള്‍ ധോണിയുടെ ഭാവി വീണ്ടും ക്രകിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുകയാണ്.
യുവതാരം ഋഷഭ് പന്തിനെ പോലെയുള്ള താരങ്ങള്‍ അവസരം കാത്ത് പടിക്കല്‍ നില്‍ക്കുമ്പോള്‍ ധോണിയുടെ വിരമിക്കലിന് ആവശ്യക്കാര്‍ കൂടുകയാണ്. ഇപ്പോഴും ആ തീരുമാനം ധോണിയുടെ മാത്രം കൈകളിലാണെന്നതാണ് വസ്തുത. എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ ധോണിയ്ക്ക് നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ നിന്നും ഉടനെ തന്നെ വിരമിക്കേണ്ടി വരും.
സ്വയം വിരമിക്കാന്‍ ധോണി തയ്യാറായില്ലെങ്കില്‍ ബിസിസിഐ ധോണിയെ വിരമിക്കാന്‍ നിര്‍ബന്ധിതനാക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ധോണിയുമായി ഇത് സംബന്ധിച്ച് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രസാദ് ധോണിയുമായി സംസാരിച്ച് താരത്തെ വിരമിക്കാനുള്ള തീരുമാനത്തിലെത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
”അദ്ദേഹം ഇതുവരെ വിരമിക്കല്‍ തീരുമാനത്തിലെത്തിയില്ല എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. ഋഷഭ് പന്തിനെ പോലെയുള്ള യുവതാരങ്ങള്‍ അവസരം കാത്തു നില്‍ക്കുന്നുണ്ട്. ധോണിയ്ക്ക് പഴയത് പോലെ കളിക്കാനാകുന്നില്ലെന്ന് ലോകകപ്പില്‍ നമ്മള്‍ കണ്ടതാണ്. ആറാമത് ഇറങ്ങിയാലും ഏഴാമത് ഇറങ്ങിയാലും ധോണിക്ക് കളിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അത് ടീമിനേയും ബാധിക്കുന്നുണ്ട്” എന്ന് ബിസിസിഐയുമായി ബന്ധപ്പെട്ടയാള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
2020 ല്‍ വരാനിരിക്കുന്ന ടി20 ലോകകപ്പ് ടീമില്‍ ധോണിയുണ്ടാകില്ലെന്ന് ഉറപ്പാണ്. ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയക്കുമെതിരെയുള്ള ടി20 പരമ്പരകള്‍ക്കുള്ള ടീമില്‍ നിന്നും ധോണിയെ ഒഴിവാക്കിയതില്‍ നിന്നു തന്നെ അത് വ്യക്തമായിരുന്നു.
”അദ്ദേഹം 2020 ലെ ടി20 ലോകകപ്പ് ടീമിലുണ്ടാകുമെന്ന് തോന്നുന്നില്ല. അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റ് മനോഹരമായി തന്നെ അവസാനിപ്പിക്കണം. ഇനിയൊരിക്കലും അദ്ദേഹത്തെ സ്വാഭാവികമായി ടീമിലെടുക്കാനാകില്ല” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയാണ് ഇന്ത്യയ്ക്ക് മുമ്പില്‍ ഇനിയുള്ളത്. രണ്ട് ടി20യും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുമാണ് പര്യടനത്തിലുണ്ടാവുക. ജൂലൈ 19നായിരിക്കും ടീം പ്രഖ്യാപിക്കുക.