എം.എസ് ധോണി ഒരു ഗംഭീര ടീം -പ്ലെയർ ആണെന്ന് മുൻ ഇന്ത്യൻ പരിശീലകൻ ഗാരി കിർസ്റ്റൺ. എപ്പോഴും സ്വന്തം പ്രകടനത്തിന് മുകളിൽ ടീമിന്റെ പ്രകടനത്തിലാണ് ധോണി താൽപര്യം കാണിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എക്പ്രസിന്റെ ഐഡിയ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ധോണി – ഗാരി കിർസ്റ്റൺ കൂട്ടുകെട്ടിലാണ് 2011ൽ ഇന്ത്യ ലോകകപ്പ് ഉയർത്തിയത്. “അദ്ദേഹം ഒരു ഗംഭീര ടീം പ്ലെയറാണെന്ന് ഞാൻ കരുതുന്നു. മികച്ച ഒരു നായകനാണ്. അദ്ദേഹത്തിന്റെ ശ്രദ്ധ ടീമിന്റെ പ്രകടനത്തിലാണ്.”
“ഒരു ക്യാപ്റ്റൻ എന്ന നിലയിൽ, ആദ്യം ടീമിനെ നോക്കുക, ടീം മെച്ചപ്പെടുന്നതിനുള്ള വഴികൾ നോക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്താഗതി. അദ്ദേഹം ഒരിക്കലും സ്വന്തം പ്രകടനങ്ങളിൽ മുഴുകിയിരുന്നില്ല. ടീമിന് എങ്ങനെ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നതിലായിരുന്നു അദ്ദേഹത്തിന്റെ എപ്പോഴത്തെയും ശ്രദ്ധ,” 54 കാരനായ മുൻ ദക്ഷിണാഫ്രിക്കൻ ഓപ്പണർ പറഞ്ഞു.
തന്റെ കോച്ചിങ് രീതികളെ കുറിച്ചും ഗാരി സംസാരിച്ചു, “എല്ലാ പരിസ്ഥിതിക്കും വ്യത്യസ്തമായ എന്തെങ്കിലും ആവശ്യമാണെന്ന് ഞാൻ കരുതുന്നു. അതിനാൽ, നിങ്ങൾ ജോലി ചെയ്യുന്ന അന്തരീക്ഷം മനസ്സിലാക്കണം. ഉദാഹരണത്തിന്, അനുഭവപരിചയമില്ലാത്ത ഒരു കൂട്ടം ജൂനിയർ കളിക്കാരാകുമ്പോൾ നേതൃത്വം അതിനനുസരിച്ചു മാറ്റണം.” അദ്ദേഹം പറഞ്ഞു.
നിലവിൽ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലകനായ ഗാരി കിർസ്റ്റൺ, ഹർദിക് പാണ്ഡ്യയെ കുറിച്ചും സംസാരിച്ചു. “ഞങ്ങൾ പലതവണ സംസാരിച്ചു, പക്ഷെ എന്റെ പരിശീലകനായുള്ള സംസാരത്തിൽ ഞാൻ നിർദേശങ്ങൾ നൽകുന്നതിലല്ല കാര്യം, എന്താണ് അവന് ബാറ്റിങ്ങിൽ നിന്ന് നേടാനുള്ളത് എന്ന് മനസിലാക്കി കൊടുക്കുന്നതിലാണ് കാര്യം. ടീമിൽ ഒരു ബാറ്റർ എന്ന നിലയിൽ വ്യത്യസ്ത റോളായിരിക്കും തനിക്കെന്ന് അവൻ മനസിലാക്കിയിട്ടുണ്ട്” അദ്ദേഹം പറഞ്ഞു.
ഹാർദികിനെ പോലെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും ബൗണ്ടറികൾ നേടാനും കഴിയുന്ന ബാറ്റർമാർ അപകടശാലികളാണെന്നും അദ്ദേഹം പറഞ്ഞു. ഹർദിക് ഇതുവരെ വളരെ പക്വതയോടെ കളിച്ചെന്നും സമ്മർദ്ദത്തെ മനോഹാരമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും ഗാരി കിർസ്റ്റൺ പറഞ്ഞു.
Also Read: ‘ഞാന്‍ എതിരുണ്ടായിരുന്നെങ്കില്‍ കോഹ്ലി ഇത്രയും റണ്‍സ് നേടില്ലായിരുന്നു’