ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ മൂന്നാം ഏകദിനത്തിൽ മുൻ നായകൻ എം.എസ്.ധോണി കളിക്കുന്നില്ല. പരുക്കിനെ തുടർന്ന് മികച്ച ഫോമിലുള്ള താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. എന്നാൽ തന്റെ നീണ്ട കരിയറിൽ ഇത് മൂന്നാം തവണ മാത്രമാണ് ധോണിയെ പരുക്ക് ടീമിന് പുറത്തിരുത്തുന്നത്.

തന്റെ 37-ാം വയസിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും ഫിറ്റസ്റ്റ് താരമാണ് എം.എസ്.ധോണി. വിക്കറ്റുകൾക്കിടയിലും വിക്കറ്റിന് പിന്നിലുമുള്ള ധോണിയുടെ വേഗതയ്ക്ക് ഇപ്പോഴും മാറ്റം വന്നട്ടില്ല. കഴിഞ്ഞ മത്സരങ്ങളിൽ മൂന്ന് റൺസ് ഓടിയെടുക്കുന്ന ധോണിയെ കായിക ലോകം അതിശയത്തോടെയാണ് നോക്കി കണ്ടത്.

തന്റെ ഫിറ്റ്നസിനെ ചോദ്യം ചെയ്യാൻ ഒരു അവസരവും ധോണി ഇതുവരെ സൃഷ്ടിച്ചട്ടുമില്ല. വിമർശകരെ പലപ്പോഴും നിശബ്ദരാക്കുന്നതും ധോണിയുടെ ഇതേ ഫിറ്റ്നസ് തന്നെ. ഇതിന് മുമ്പ് 2013ലാണ് പരുക്കുമൂലം ധോണിക്ക് ടീമിൽ നിന്ന് മാറി നിൽക്കേണ്ടി വന്നത്. വിൻഡീസിനെതിരെ അന്ന് മൂന്ന് ഏകദിന മത്സരങ്ങൾ താരത്തിന് നഷ്ടമായി.

കരിയറിൽ ആദ്യമായി അനാരോഗ്യം താരത്തെ ടീമിൽ നിന്ന് മാറ്റി നിർത്തിയത് 2007ലാണ്. അയർലൻഡിനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയുമുള്ള മത്സരം ധോണിക്ക് നഷ്ടമാകാൻ കാരണം വൈറൽ പനിയാണ്. ലോകകപ്പ് മത്സരങ്ങൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ ധോണിയെ പോലെ ഒരു താരത്തിന്രെ പരുക്ക് ഇന്ത്യക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook