ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ദൃശ്യമാണ് ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ മഹേന്ദ്ര സിങ് ധോണി ശ്രീലങ്കന്‍ ബൗളര്‍ നുവാന്‍ കുലശേഖരയുടെ പന്തിനെ സിക്‌സറിന് പറത്തി ടീമിന്റെ വിജയം ഉറപ്പിച്ചത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ആ പന്ത് പതിച്ചത് എംസിഎ പവലിയനില്‍ ആണ്. പന്ത് പതിച്ച സീറ്റ് ധോണിയ്ക്കായി സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്ന് വരുന്നു.

മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എംസിഎ) കൗണ്‍സില്‍ അംഗമായ അജിന്‍ക്യ നായിക് ആണ് നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. അദ്ദേഹം എംസിഎയ്ക്ക് ഇതുസംബന്ധിച്ച കത്തെഴുതി.

16 വര്‍ഷത്തെ ക്രിക്കറ്റ് കരിയര്‍ ധോണി അവസാനിപ്പിച്ച് രണ്ട് ദിനങ്ങള്‍ക്കുശേഷമാണ് നായിക്കിന്റെ നിര്‍ദ്ദേശം. ഇന്ത്യന്‍ ക്രിക്കറ്റിന് ധോണി നല്‍കിയ സംഭാവനകള്‍ക്കുള്ള നന്ദി പ്രകടനമായും ആദരവായും സിക്‌സ് പതിച്ച സ്റ്റാന്‍ഡിലെ സീറ്റ് ധോണിക്ക് സമര്‍പ്പിക്കണമെന്ന് അദ്ദേഹം എഴുതി.

2011 ലോകകപ്പ് വിജയത്തിലേക്ക് ധോണി പായിച്ച ആ സിക്‌സ് പതിച്ച സ്ഥലവും സീറ്റും കണ്ടെത്താന്‍ കഴിയും അദ്ദേഹം പറഞ്ഞു.

Read Also: ഇതാവുമോ ഭാവി കരിയർ? ഷൂട്ടിങ്ങിലും മികവ് തെളിയിച്ച് മഹേന്ദ്ര സിങ്ങ് ധോണി

ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു താരത്തിന്റെ പേരില്‍ ഒരു സീറ്റ് സമര്‍പ്പിക്കുന്നത്. മുമ്പ് ഒരു സ്റ്റാന്‍ഡ് മുഴുവനായും താരങ്ങളുടെ പേരില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ വിദേശത്ത് ഏതാനും തവണ ചെയ്തിട്ടുണ്ട്.

1993-ല്‍ സൈമണ്‍ ഓഡോണല്ലിന്റെ 122 മീറ്റര്‍ നീളമുള്ള സിക്‌സിനെ ഓര്‍മ്മിക്കുന്നതിന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ ഗ്രേറ്റ് സതേണ്‍ സ്റ്റാന്‍ഡിലെ ഒരു സീറ്റ് മഞ്ഞ നിറം അടിച്ചിരുന്നു. വിക്ടോറിയ്ക്കുവേണ്ടി ന്യൂ സൗത്ത് വെയില്‍സിനെതിരെയാണ് അന്ന് ആ സിക്‌സ് അടിച്ചത്. 2018-ല്‍ ബ്രാഡ് ഹോഗ് തന്റെ വിട വാങ്ങല്‍ മത്സരത്തില്‍ അടിച്ച 96 മീറ്റര്‍ നീളമുള്ള സിക്‌സും മെല്‍ബണിലെ എത്തിഹാദ് സ്റ്റേഡിയത്തില്‍ ഓര്‍മ്മിക്കപ്പെടുന്നു. മൂന്നാം നിരയിലെ ഒരു സീറ്റ് ചുവന്ന നിറം പൂശി. ന്യൂസിലാന്‍ഡ് ക്രിക്കറ്റാകട്ടെ ഓക്ലന്‍ഡിലെ ഈഡന്‍ പാര്‍ക്കിലെ ഒരു സീറ്റ് മുന്‍ ഓള്‍ റൗണ്ടറായ ഗ്രാന്‍ഡ് എല്ലിയട്ടിന്റെ പേരില്‍ സമര്‍പ്പിച്ചു.

ചരിത്രത്തിലാദ്യമായി ന്യൂസിലാന്‍ഡിനെ ലോകകപ്പ് ഫൈനലില്‍ എത്തിച്ച സിക്‌സിനെ ആദരിക്കുന്നതിനാണ് അവര്‍ അത് ചെയ്തത്. 2015-ല്‍ സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്‌നിനെ സിക്‌സ് അടിച്ചാണ് എലിയട്ട് ടീമിനെ ഫൈനലില്‍ എത്തിച്ചത്.

സമാനമായ നീക്കമാണ് ധോണിയുടെ കാര്യത്തിലും നടക്കാന്‍ പോകുന്നത്.

Read Also: MS Dhoni may get a permanent seat at Wankhede Stadium

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook