മുംബൈ: 22 പന്തില്‍ നിന്നും 51 റണ്‍സുമായി വെടിക്കെട്ട് ബാറ്റിങ് കാഴ്ച വച്ച ധോണിയായിരുന്നു ഇന്നലെ നടന്ന ചെന്നൈ-ഡല്‍ഹി മൽസരത്തിലെ താരം. ആവറേജ് സ്‌കോറില്‍ ഒതുങ്ങുമായിരുന്ന ചെന്നൈ ഇന്നിങ്സിനെ 211 ല്‍ എത്തിച്ചത് ധോണിയുടെ ബാറ്റിങ് മികവ് തന്നെയായിരുന്നു.

അഞ്ച് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു ധോണിയുടെ ഇന്നിങ്സ്. ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്റെ പ്രകടനത്തെ സഹതാരം ഫാഫ് ഡുപ്ലെസിസും അഭിനന്ദിച്ചിരിക്കുകയാണ്. ധോണി ഫോമിലായിരിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ പന്തെറിയുക എന്നത് ബോളര്‍മാര്‍ക്ക് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കുമെന്നു ഡുപ്ലെസിസ് പറയുന്നു.

”അദ്ദേഹമിപ്പോള്‍ വളരെ മികച്ച ഫോമിലാണ്. ഈ സമയത്ത് അദ്ദേഹത്തിനെതിരെ പന്തെറിയുക എന്നത് ബോളര്‍മാര്‍ക്ക് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എത്ര വൈഡായി പന്തെറിഞ്ഞാലും ലെഗ് സൈഡിലേക്ക് അടിക്കാന്‍ അദ്ദേഹത്തിന് സാധിക്കും,” ദക്ഷിണാഫ്രിക്കന്‍ നായകന്‍ പറയുന്നു.

ബോളര്‍മാര്‍ക്ക് പന്തെറിയുക എന്ന പോലെ തന്നെ ക്യാപ്റ്റന്മാര്‍ക്ക് ധോണിയ്ക്ക് ഫീല്‍ഡ് സെറ്റ് ചെയ്യാനും ബുദ്ധിമുട്ടായിരിക്കുമെന്നും കാരണം തനിക്ക് അടിക്കണമെന്ന് തോന്നുമ്പോള്‍ അടിക്കാന്‍ കഴിയുന്ന ബാറ്റ്‌സ്മാനാണ് ധോണിയെന്നും താരം പറയുന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ 13 റണ്‍സിന് ചെന്നൈ ജയിച്ചതിന് പിന്നാലെയായിരുന്നു ഡുപ്ലെസിസിന്റെ പ്രതികരണം.

ഈ സീസണില്‍ ധോണിയുടെ മൂന്നാമത്തെ ഫിഫ്റ്റിയാണ് ഇന്നലെ പിറന്നത്. എട്ട് മൽസരങ്ങളില്‍ നിന്നും 286 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. 169.23 ആണ് ധോണയുടെ സ്‌ട്രൈക്ക് റേറ്റ്. ഐപിഎല്‍ കരിയറിലെ ധോണിയുടെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റാണിതെന്നതും ശ്രദ്ധേയമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook