പുണെ: കളിക്കളത്തില്‍ താന്‍ എത്രമാത്രം കൂളാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് എം.എസ്.ധോണി. സണ്‍റൈസേഴ്‌സിനെതിരായ മൽസരത്തിനിടെയായിരുന്നു ഐപിഎല്‍ ആരാധകരെ ചിരിപ്പിച്ച ആ കാഴ്‌ച പിറന്നത്.

ഒരു വിക്കറ്റ് നഷ്ടമായെങ്കിലും നായകന്‍ വില്യംസണും ഓപ്പണര്‍ ശിഖര്‍ ധവാനും ചേര്‍ന്ന് ഹൈദരാബാദിനെ പിടിച്ചുയര്‍ത്തി കൊണ്ടു വരികയായിരുന്നു. സ്‌കോര്‍ ഒരു വിക്കറ്റില്‍ 38 റണ്‍സെന്ന നിലയില്‍ ഹൈദരാബാദ് ഏഴാമത്തെ ഓവറിലേക്ക് കടന്നിരുന്നു. ചെറിയ സ്‌കോറില്‍ എത്തിയതേയുള്ളൂവെങ്കിലും ഇരുവരും നിലയുറപ്പിച്ചാല്‍ അപകടമാകുമെന്ന് ചെന്നൈയ്ക്ക് ഉറപ്പായിരുന്നു.

അതുകൊണ്ട് തന്നെ ചെന്നൈ താരങ്ങളുടെ മുഖത്ത് ആശങ്ക നിഴലിച്ചിരുന്നു. ഓരോ റണ്‍സും രക്ഷപ്പെടുത്തുക എന്നതായിരുന്നു നായകന്‍ ധോണിയുടെ ലക്ഷ്യം. ഇതിനിടെ എഴാം ഓവറിന്റെ അവസാന പന്തില്‍ ഹര്‍ഭജനെ ലെഗ് സൈഡിലേക്ക് തട്ടിയിട്ട് ധവാന്‍ സിംഗിളിനായി ഓടി.

പന്തിന് പിന്നാലെ ധോണിയും പാഞ്ഞു. അതേസമയം തന്നെ പന്ത് ലക്ഷ്യമാക്കി ഫീല്‍ഡര്‍ രവീന്ദ്ര ജഡേജയും ഓടിയടുക്കുന്നുണ്ടായിരുന്നു. ധോണി പന്തിനരികിലെത്തുമ്പോഴേക്കും ധവാന്‍ ക്രീസിലെത്തിയിരുന്നു. പന്ത് കൈയ്യിലെടുത്ത ധോണി ചെറിയൊരു വികൃതി കാണിച്ചു.

ഓടിയടുത്ത ജഡേജയുടെ നേര്‍ക്ക് പന്ത് എടുത്ത് എറിയുന്നതായി ധോണി ആംഗ്യം കാണിച്ചു. അയ്യോ എറിയല്ലേ എന്ന ഭാവത്തില്‍ ജഡേജ മുഖം പൊത്തി. ചിരിച്ചുകൊണ്ട് ധോണി വീണ്ടും സ്റ്റംപിന് പിന്നിലേക്ക് മടങ്ങി. സമ്മര്‍ദ്ദത്തിന്റെ ഘട്ടത്തിലും കളിക്കളത്തില്‍ തമാശ സൃഷ്ടിക്കുന്ന ധോണി വീണ്ടും കൈയ്യടി വാങ്ങുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ