ഇന്ത്യ ടിട്വന്റി കുപ്പായത്തിൽ എം.എസ്.ധോണിയെ ഇനി കാണാനാവില്ലെന്നത് മാഹിയുടെ ആരാധകരെ തെല്ലൊന്നുമല്ല നിരാശയിലാഴ്ത്തിയിരിക്കുന്നത്. ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചാലും ധോണിയുടെ ആരാധകരുടെ എണ്ണത്തിൽ കുറവുണ്ടാവില്ല. രാജ്യത്തിന് അകത്തും പുറത്തുമായി ധോണിക്ക് ആരാധകരുടെ വലിയൊരു കൂട്ടം തന്നെയുണ്ട്. ആരാധകരോട് ധോണി കാട്ടുന്ന സ്നേഹമാണ് താരത്തിന് വലിയൊരു ആരാധക വൃന്ദത്തെ നേടിക്കൊടുത്തത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ധോണിയെ ഇഷ്ടപ്പെടുന്നതിന്റെ കാരണവും ഈ സ്നേഹമാണ്.

ധോണി തന്റെ കുട്ടി ആരാധകനോട് കാണിച്ച സ്നേഹത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കാറിലിരിക്കുന്ന ധോണി വാതിൽ തുറന്ന് ഒരു ചെറിയ കുട്ടിയോട് എന്തോ സംസാരിക്കുകയാണ്. കുറച്ചു മിനിറ്റുകൾ കുട്ടിയുമായി സംസാരിച്ചശേഷം അവന് ധോണി കൈകൊടുക്കുന്നതാണ് വീഡിയോ. വീഡിയോ പകർത്തിയത് എന്നാണെന്നോ എവിടെ വച്ചാണോയെന്ന് വ്യക്തമല്ല.

യുവതാരങ്ങൾക്ക് അവസരം നൽകാൻ വേണ്ടിയാണ് ധോണിയെ ടിട്വന്റിയിൽനിന്നും ഒഴിവാക്കിയതെന്നാണ് സെലക്ടർമാർ പറഞ്ഞത്. അടുത്തിടെ കഴിഞ്ഞ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടിട്വന്റി മത്സരങ്ങളിലും ധോണി ഉണ്ടായിരുന്നില്ല. ധോണിയെ താൻ മാത്രമല്ല ടീം മൊത്തത്തിൽ മിസ് ചെയ്യുന്നുവെന്നാണ് വെസ്റ്റ് ഇൻഡീസിനെതിരായ ടിട്വന്റിയിൽ ഇന്ത്യയെ നയിച്ച രോഹിത് ശർമ്മ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook