സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20 മൽസരത്തിൽ എം.എസ്.ധോണി മികച്ച ബാറ്റിങ്ങാണ് പുറത്തെടുത്തത്. 52 റൺസാണ് ധോണി അടിച്ചെടുത്തത്. നാലാം വിക്കറ്റിൽ മനീഷ് പാണ്ഡ്യയ്ക്കൊപ്പം (69 റൺസ്) ധോണിയും ചേർന്ന് പടുത്തുയർത്തിയ 98 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറ പാകിയത്. ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാന്മാർ ദക്ഷിണാഫ്രിക്കൻ ബോളർമാർക്ക് മുന്നിൽ അടിപതറിയപ്പോഴാണ് ധോണി കളി ഏറ്റെടുത്ത് നയിച്ചത്.

ധോണിയുടെയും പാണ്ഡ്യയുടെയും വെടിക്കെട്ട് ബാറ്റിങ് ക്രിക്കറ്റ് പ്രേമികളിലും ആവേശമുണർത്തി. ഇരുവരും മികച്ച രീതിയിൽ കളിക്കുന്നതിനിടെയാണ് ക്യാപ്റ്റൻ കൂളെന്ന് ആരാധകർ വിശേഷിപ്പിക്കുന്ന ധോണിയുടെ നിയന്ത്രണം നഷ്ടപ്പെട്ട സംഭവം ഉണ്ടായത്. മനീഷ് പാണ്ഡ്യയോടാണ് ധോണി ദേഷ്യപ്പെട്ടത്.

ഇന്ത്യൻ ഇന്നിങ്സിന്റെ അവസാനത്തെ ഓവറിലായിരുന്നു ക്യാപ്റ്റൻ കൂളല്ലാതായത്. മനീഷ് പാണ്ഡ്യ ഓട്ടത്തില്‍ അലംഭാവം കാട്ടിയതാണ് ധോണിയെ പ്രകോപിപ്പിച്ചത്. ആദ്യ ബോൾ നേരിട്ടശേഷം മനീഷ് പാണ്ഡ്യയോട് മറ്റെവിടെയെങ്കിലും നോക്കാതെ തന്നെ നോക്കി നിൽക്കാൻ ആവശ്യപ്പെട്ടു. ‘നീ എങ്ങോട്ടാണ് നോക്കുന്നത്.. ഇവിടെ നോക്കൂ’ എന്നു പറഞ്ഞായിരുന്നു സ്‌ട്രൈക്കിങ്ങ് എന്‍ഡില്‍ നിന്നും ധോണി രോഷം പ്രകടിപ്പിച്ചത്. ഇതിനുശേഷം അടുത്ത ബോളിൽ ധോണി സിക്സർ ഉയർത്തുകയും ചെയ്തു.

മനീഷ് പാണ്ഡ്യയും ധോണിയും ചേർന്നുളള കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോർനില 188 ൽ എത്തിച്ചത്. എന്നാൽ ഇന്ത്യ ഉയർത്തിയ സ്കോർ 18.4 ഓവറിൽ ദക്ഷിണാഫ്രിക്ക മറികടന്നു. ഹെന്റിച്ച് ക്ലാസന്റെയും ക്യാപ്റ്റന്‍ ജെ.പി.ഡുമിനിയുടെയും മികച്ച ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ