ക്രിക്കറ്റ് ലോകം ഇപ്പോഴും ഏറെ ആകാംക്ഷയോടെ ഉത്തരം തേടുന്ന ചോദ്യങ്ങളിലൊന്നാണ് എംഎസ് ധോണിക്ക് ഇനിയൊരു മടക്കമുണ്ടാകുമോയെന്നത്. ഇന്ത്യയ്ക്കും പുറത്തുമുള്ള ലക്ഷകണക്കിന് ധോണി ആരാധകർ താരം ക്രീസിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ്. ഇന്ത്യയ്ക്ക് മൂന്ന് ഐസിസി കിരീടങ്ങളും സമ്മാനിച്ച നായകന് ക്രിക്കറ്റിൽ ഇനിയും അവസരങ്ങളുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ, അതിനെ എതിർക്കുന്നവരുമുണ്ട്.

ധോണി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നവരിൽ നിരവധി സൂപ്പർ താരങ്ങളുമുണ്ട്. അതിലൊരാളാണ് മുൻ ഓസിസ് ക്രിക്കറ്ററും കമന്റേറ്ററുമൊക്കെയായ ഡീൻ ജോൺസ്. ഇന്ത്യൻ സാഹചര്യങ്ങളെയും ക്രിക്കറ്റിനെയും സസൂക്ഷമം വീക്ഷിക്കുന്ന ഡീനിന്റെ അഭിപ്രായത്തിൽ മടങ്ങിവരുന്നതിനുള്ള വാതിൽ തുറന്നിട്ടിട്ടാണ് ധോണി പോയത്.

Also Read: IPL 2020: ഇന്ത്യൻ പ്രീമിയർ ലീഗിന് സെപ്റ്റംബർ 19ന് തുടക്കമാകും, ഫൈനൽ നവംബർ 8ന്

“ഇപ്പോൾ ഇന്ത്യൻ സെലക്ടർമാർ റിഷഭ് പന്ത്, കെ എൽ രാഹുൽ എന്നിവരെയാണ് കൂടുതൽ പരിഗണിക്കുന്നത്. എന്നാൽ ഐപിഎല്ലിൽ തിളങ്ങാനായാൽ ധോണിയുടെ മടങ്ങിവരവ് വിദൂരമല്ല. മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിൽ ഒരുപക്ഷേ അദ്ദേഹത്തിന്റെ വാതിൽ അടയും. ഈ ഇടവേള അദ്ദേഹത്തിന് അതിശയകരമായിരിക്കാം. അവന് നല്ലൊരു ഇടവേളയുണ്ട്, അതിൽ നിന്ന് പുറത്തുവരാൻ അവൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇപ്പോൾ സാധിക്കും,” ഡീൻ ജോൺസ് പറഞ്ഞു.

കഴിഞ്ഞ വർഷം ജൂലൈയിലാണ് ധോണി അവസാനമായി ഒരു രാജ്യാന്തര മത്സരം കളിച്ചത്. ന്യൂസിലൻഡിനെതിരായ സെമിയിൽ ഇന്ത്യ പുറത്തായതിന് പിന്നാലെ ക്രീസ് വിട്ട ധോണി സൈനിക സേവനമുൾപ്പടെയുള്ള കാര്യങ്ങൾക്ക് സമയം ചെലവഴിക്കുകയായിരുന്നു.

Also Read: വിൻഡീസിനെതിരായ മൂന്നാം മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിൽ ആർച്ചറും; സ്റ്റോക്സ് പന്തെറിയില്ല

ഐപിഎല്ലില്‍ നന്നായി കളിച്ചാല്‍ മാത്രമേ ധോണി ടി20 ലോകകപ്പില്‍ ഉണ്ടാകൂ എന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ടീമില്‍ കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന താരമല്ല ധോണി. ഐപിഎല്ലില്‍ നന്നായി കളിച്ചാല്‍ തീര്‍ച്ചയായും ധോണി ടി20 ലോകകപ്പിലും ഉണ്ടാകുന്നുമായിരുന്നു രവി ശാസ്ത്രിയുടെ വാക്കുകൾ.

അതേസമയം ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുട്ടിക്രിക്കറ്റ് പൂരത്തിന് സെപ്റ്റംബർ 19ന് തുടക്കമാകും. യുഎഇയിൽ നടക്കുന്ന ടൂർണമെന്റിന്റെ കലാശപോരാട്ടം നവംബർ 8ന് ആയിരിക്കുമെന്നും ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ പറഞ്ഞു. വാർത്ത ഏജൻസിയായ പിടിഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അടുത്ത ആഴ്ച ചേരുന്ന ഗവേണിങ് യോഗത്തിന് ശേഷം മാത്രമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക. എന്നാൽ മത്സരക്രമം സംബന്ധിച്ച അനൗദ്യോഗിക അറിയിപ്പ് ബിസിസിഐ ഫ്രാഞ്ചൈസികൾക്ക് നൽകിയതായാണ് സൂചുന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook