മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ നിർണായക സാനിധ്യമാണ് മുൻ നായകൻ എം.എസ്.ധോണി. എന്നാൽ ഏകദിന ലോകകപ്പിൽ നിന്ന് ഇന്ത്യ സെമിയിൽ പുറത്തായതിന് പിന്നാലെ ക്രിക്കറ്റിൽ നിന്നും ഇടവേളയെടുത്ത ധോണി ഇതുവരെ ഇന്ത്യൻ ടീമിൽ മടങ്ങിയെത്തിയിട്ടില്ല. സൈനിക സേവനമൊക്കെയായി മറ്റു കാര്യങ്ങളിലാണ് താരം സമയം ചെലവഴിക്കുന്നത്. ഇപ്പോൾ ഫുട്ബോൾ കളിക്കുന്ന ധോണിയുടെ ചിത്രങ്ങളാണ് വാർത്തകളിൽ നിറയുന്നത്.
ടെന്നീസ് താരം ലിയാൻഡർ പേസിനൊപ്പമാണ് മുൻ ഇന്ത്യൻ നായകൻ ഫുട്ബോൾ കളിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇരുവരും ഒന്നിച്ചത്. റിതി സ്പോർട്സാണ് താരങ്ങളുടെ ഫോട്ടോ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ജൂലൈയിലാണ് എം.എസ്.ധോണി അവസാനമായി ഇന്ത്യൻ ടീമിൽ കളിക്കുന്നത്. പിന്നീട് സൈനിക സേവനത്തിനായി ജമ്മു കശ്മീരിലേക്ക് പോയ ധോണി വിൻഡീസ് പര്യടനത്തിൽ നിന്ന് വിട്ടുനിന്നു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ ധോണി മടങ്ങിയെത്തുമെന്ന് കരുതിയിരുന്നെങ്കിലും അതുമുണ്ടായില്ല.
Also Read: ടെസ്റ്റ് റാങ്കിങ്ങിലും മുന്നിലേക്ക് കുതിച്ച് രോഹിത് ശർമ്മ; വിരാട് കോഹ്ലിക്ക് തിരിച്ചടി
പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ധോണി തന്റെ അവധി നീട്ടിയിരിക്കുകയാണ്. നവംബര്‍ വരെയാണ് ധോണി അവധി നീട്ടിയിരിക്കുന്നത്. മുംബൈ മിററിലെ റിപ്പോര്‍ട്ട് പ്രകാരം മുന്‍ നായകന് നവംബര്‍ വരെ കളിക്കളത്തിലേക്ക് മടങ്ങിയെത്തില്ല. ഇതോടെ വരാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയും ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയും ധോണിയ്ക്ക് നഷ്ടമാകും. ഇനി ധോണിയെ ഇന്ത്യന്‍ കുപ്പായത്തില്‍ കാണണമെങ്കില്‍ ഡിസംബറില്‍ ടി20 പരമ്പരയ്ക്കായി വിന്‍ഡീസുകാര്‍ ഇന്ത്യയിലെത്തണം.
Also Read: ‘തിരികെ വരുമെന്ന വാര്‍ത്ത കേള്‍ക്കാന്‍…’; അവധി നീട്ടി ധോണി, അനിശ്ചിതത്വം
ധോണിയ്ക്ക് പകരം ഋഷഭ് പന്തിനെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ടീം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ സമയം പന്തിന് ഗുണകരമാകും. ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച അനിശ്ചിതത്വവും ഇതോടെ നീളുകയാണ്. ധോണിയ്ക്ക് പകരം പന്തിനെ അടുത്ത ടി20 ലോകകപ്പില്‍ കളിപ്പിക്കേണ്ടതിന്റേയും അതിനായി ഇപ്പോള്‍ തന്നെ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതിന്റേയും പ്രാധാന്യത്തെ കുറിച്ച് സുനില്‍ ഗവാസര്‍ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു.