scorecardresearch

Latest News

അടുത്ത വർഷം അല്ലെങ്കിൽ അഞ്ച് വർഷത്തിനുള്ളിൽ, ചെന്നൈയിലായിരിക്കും എന്റെ അവസാന ടി20: ധോണി

ശനിയാഴ്ച ചെന്നൈയിൽ നടന്ന ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ‘ദി ചാമ്പ്യൻസ് കോൾ’ എന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

ms dhoni, ie malayalam
(BCCI/IPL)

ചെന്നൈ: ഐപിഎല്ലിലെ തന്റെ അവസാന മത്സരം ചെന്നൈയിൽ ആയിരിക്കുമെന്ന് മഹേന്ദ്രസിങ് ധോണി. അത് അടുത്ത വർഷമോ അഞ്ചു വർഷത്തിനുള്ളിലോ ആകാമെന്നും താരം വ്യക്തമാക്കി. ശനിയാഴ്ച ചെന്നൈയിൽ നടന്ന ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ‘ദി ചാമ്പ്യൻസ് കോൾ’ എന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞാൻ എപ്പോഴും എന്റെ ക്രിക്കറ്റ് പ്ലാൻ ചെയ്തിട്ടുണ്ട്. ഞാൻ ഇന്ത്യയിൽ കളിച്ച അവസാന ഏകദിനം റാഞ്ചിയിലായിരുന്നു. എന്റെ അവസാന ടി20 ചെന്നൈയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അത് അടുത്ത വർഷമാണോ അതോ അഞ്ച് വർഷത്തിനുള്ളിലാണോ, എനിക്കറിയില്ല.” ധോണി പറഞ്ഞു.

ഐപിഎൽ സമയത്ത് വിരമിക്കലിനെ കുറിച്ച് ടിവി അവതാരകരും കമന്റേറ്റർമാരും ചോദിച്ചപ്പോൾ സിഎസ്‌കെ ക്യാപ്റ്റൻ വ്യക്തമായ മറുപടി നല്കിയിരുന്നില്ല. എന്നാൽ ധോണിയുടെ വിടവാങ്ങൽ മത്സരം ചെപ്പോക്കിൽ നിറഞ്ഞ സ്റ്റേഡിയത്തിൽ ആയിരിക്കുമെന്ന് സിഎസ്കെ മാനേജ്‍മെന്റിൽ ഒരാൾ വ്യക്തമാക്കിയിരുന്നു. ഇന്ന് ക്യാപ്റ്റനും അത് സ്ഥിരീകരിച്ചിരിക്കുകയാണ്.

ചെന്നൈയുമായുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. “ഞാൻ അൽപ്പം അലഞ്ഞുതിരിയുന്ന ആളാണ്. എന്റെ മാതാപിതാക്കൾ ഉത്തരാഖണ്ഡിൽ നിന്നുള്ളവരാണ്. അവർ റാഞ്ചിയിൽ എത്തി. അവിടെയാണ് ഞാൻ ജനിച്ചത്. ഞാൻ ജോലിക്കായി പശ്ചിമ ബംഗാളിലെ ഖരഗ്പൂരിലേക്ക് പോയി. 2008 ലാണ് സിഎസ്‌കെയുമായുള്ള എന്റെ ബന്ധം ആരംഭിച്ചത്, പക്ഷേ ചെന്നൈയുമായുള്ള എന്റെ ബന്ധം ആരംഭിക്കുന്നത് ഞാൻ ഇവിടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചപ്പോഴാണ്.സിഎസ്‌കെ എന്നെ തിരഞ്ഞെടുക്കുമെന്ന് എനിക്കൊരിക്കലും അറിയില്ലായിരുന്നു. ഞാൻ ലേലത്തിൽ ഉണ്ടായിരുന്നു. ഇവിടെ എത്തിയത് വ്യത്യസ്തമായ ഒരു സംസ്കാരം മനസ്സിലാക്കാൻ എന്നെ സഹായിച്ചു,” ധോണി പറഞ്ഞു.

Also Read: ബുംറയ്ക്കൊപ്പം ഡെത്ത് ഓവറുകളില്‍ തിളങ്ങാന്‍ അയാള്‍ക്ക് കഴിയും: ഉത്തപ്പ

സി‌എസ്‌കെയുടെ ആരാധകരെ കുറിച്ചും ധോണി സംസാരിച്ചു, അവർ “തമിഴ്‌നാട് സംസ്ഥാനത്തിനും ഇന്ത്യയുടെ അതിർത്തികൾക്കും അപ്പുറത്തേക്ക്” പോകുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ആരാധകരുടെ സ്‌പോർട്‌സ്‌സ്‌മാൻഷിപ്പിനെയും ധോണി അഭിനന്ദിച്ചു, രണ്ട് വർഷം ടീം പുറത്തായപ്പോൾ പോലും സോഷ്യൽ മീഡിയയിലൂടെ ടീമിനെ പിന്തുണച്ച് അവർ ഉണ്ടായിരുന്നു. “സച്ചിൻ പാജി (ടെണ്ടുൽക്കർ) മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുമ്പോൾ പോലും അദ്ദേഹത്തിന് ഇവിടെ വലിയ കൈയ്യടി ലഭിച്ചു.” ധോണി പറഞ്ഞു.

കഴിഞ്ഞ വർഷം വമ്പൻ തോൽവികൾ വഴങ്ങിയ ടീം ഈ വർഷം തങ്ങളുടെ നാലാമത്തെ ഐപിഎൽ കിരീടം നേടിയാണ് തിരിച്ചുവരവ് നടത്തിയത്. രണ്ട് വർഷത്തെ വിലക്കിനു ശേഷം 2018ൽ തിരിച്ചെത്തിയപ്പോഴും കപ്പുയർത്തിയാണ് ചെന്നൈ അവാരുടെ വരവറിയിച്ചത്.

ഒരു ബാറ്റ്‌സ്മാൻ എന്ന നിലയിൽ കഴിഞ്ഞ സീസണിൽ മികവ് കാണിക്കാൻ ധോണിക്ക് സാധിച്ചിരുന്നില്ല. 16 മത്സരങ്ങളിൽ നിന്നും 114 റൺസായിരുന്നു ആകെ സമ്പാദ്യം. എന്നാൽ ഇത് സിഎസ്കെയെയും അവരുടെ ആരാധകരെയും സംബന്ധിച്ച് തീർത്തും അപ്രസക്തമാണ്. ആരാധർക്കായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ചടങ്ങിൽ ധോണിയോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു. “പ്രിയപ്പെട്ട ധോണി, ഇനിയും നിരവധി സീസണുകളിൽ നിങ്ങൾ സിഎസ്‌കെയെ നയിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.”

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ms dhoni last t20 chennai

Best of Express