ദുബായ്: ഇന്നലെത്തെ മത്സരത്തിലെ അമ്പയറിങ്ങിനെതിരെ രൂക്ഷമായ പ്രതികരണവുമായി മുന്‍ നായകന്‍ എം.എസ്.ധോണി. മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിലാണ് ധോണി അമ്പയറിങ്ങിനെ വിമര്‍ശിച്ചത്. മത്സരത്തില്‍ ഇന്ത്യന്‍ നായകനായിരുന്നു എം.എസ്.ധോണി.

പിഴ അടക്കാന്‍ ആഗ്രഹമില്ലാത്തതിനാലാണ് അമ്പയറിങ്ങിനെക്കുറിച്ച് ഒന്നും പറയാത്തതെന്ന് ധോണി പറഞ്ഞു. ധോണിയും ദിനേശ് കാര്‍ത്തിക്കും അമ്പയറുടെ തെറ്റായ എല്‍ബിഡബ്ല്യു തീരുമാനത്തിലൂടെയായിരുന്നു പുറത്തായത്. റീപ്ലേകളില്‍ അമ്പയര്‍മാരുടെ രണ്ട് തീരുമാനങ്ങളും പൂര്‍ണമായും തെറ്റാണെന്ന് വ്യക്തമാവുകയും ഇത് മത്സരഫലത്തില്‍ നിര്‍ണായകമാവുകയും ചെയ്തിരുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ ഗ്രിഗറി ബ്രാത്ത്വെയ്റ്റും ബംഗ്ലാദേശിന്റെ അനീസുര്‍ റഹ്മാനുമായിരുന്നു മത്സരം നിയന്ത്രിച്ച അമ്പയര്‍മാര്‍.

കേദാര്‍ ജാദവ് റണ്ണൗട്ടായും നിര്‍ഭാഗ്യകരമായായിരുന്നു. ജാദവിന്റെ ബാറ്റ് പിച്ചില്‍ ഉടക്കി നിന്നതിനാല്‍ ക്രീസിലേക്ക് കയറിയില്ല. ചില റണ്ണൗട്ടുകളും പിന്നെ പരസ്യമായി പറയാന്‍ കഴിയാത്ത ചില കാര്യങ്ങളുമാണ് മത്സരഫലത്തില്‍ നിര്‍ണായകമായതെന്ന് ധോണി മത്സരശേഷം പറഞ്ഞു. അത് വിളിച്ചുപറഞ്ഞ് പിഴശിക്ഷ വാങ്ങേണ്ടല്ലോ എന്നും ധോണി പറഞ്ഞു.

ഇന്നലെ അഫ്ഗാനിസ്ഥാനെതിരെ നടന്ന ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ അവസാന പോരാട്ടത്തില്‍ ധോണിയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. ഏറെ നാളുകള്‍ക്ക് ശേഷം ക്യാപ്റ്റന്‍സിയിലേക്ക് മടങ്ങിയെത്തിയ ക്യാപ്റ്റനെ കൂളാക്കി നിര്‍ത്തുന്നതില്‍ ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ഇതോടെ ധോണിക്ക് ശാന്തത നഷ്ടപ്പെട്ടു. ഒന്നല്ല, പല തവണ.

ഇന്ത്യയുടെ യുവ ബോളിങ് നിരയാണ് ക്യാപ്റ്റന്റെ ശാന്തതയുടെ നൂല്‍ ആദ്യം പൊട്ടിച്ചത്. അനാവശ്യ സമ്മര്‍ദ്ദത്തില്‍ എക്‌സ്ട്രാ റണ്ണുകള്‍ വഴങ്ങിയതും റണ്‍റേറ്റ് ഉയര്‍ന്നതും തുടക്കത്തിലെ ധോണിയെ അസ്വസ്ഥനാക്കി. സാവധാനം ധോണിയുടെ ഭാവത്തിലും അത് വ്യക്തമായി തുടങ്ങി.

പിന്നാലെ തന്റെ ബോളിങ്ങില്‍ യുവ സ്പിന്നര്‍ കുല്‍ദീപ് യാദവ് ഫീല്‍ഡിങ് മാറ്റം ആവശ്യപ്പെട്ടതും ധോണിയെ ചൊടിപ്പിച്ചു. എന്നാല്‍ കുല്‍ദീപിന്റെ ഇഷ്ടത്തിന് അനുസരിച്ച് ഫീല്‍ഡ് ചെയ്ഞ്ച് വരുത്താന്‍ ധോണി തയ്യാറായില്ലെന്നു മാത്രമല്ല, ”നീ ബോളെറിയുന്നോ അല്ലെങ്കില്‍ ബോളറെ മാറ്റും” എന്നായിരുന്നു കുല്‍ദീപിനോട് ധോണി പറഞ്ഞത്. ധോണിയുടെ ഈ കമന്റ് സ്റ്റംപ് മൈക്കാണ് പിടിച്ചെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook