IPL 2019: ചെന്നൈ: ഇന്നലെ ചെപ്പോക്കില്‍ ഡല്‍ഹി ബോളര്‍മാരെ തല്ലിതകര്‍ക്കുന്ന ധോണിയെ കണ്ടാല്‍ ഇയാള്‍ തന്നെയാണോ കഴിഞ്ഞ ദിവസം പനി പിടിച്ച് കിടന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍ അമ്പരപ്പുണ്ടാകില്ല. കളിക്ക് തൊട്ടു മുമ്പ് വരെ ധോണി കളിക്കുന്നകാര്യത്തില്‍ ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ കളിക്കളത്തിലെത്തിയപ്പോള്‍ ധോണി അതെല്ലാം മാറ്റി മറിച്ചു.

Also Read: IPL Point Table: ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ചെന്നൈ; പ്ലേ ഓഫ് സാധ്യതകൾ കൈവിടാതെ ടീമുകൾ
വെടിക്കെട്ട് ബാറ്റിങ്ങിലൂടേയും മിന്നല്‍ സ്റ്റമ്പിങ്ങിലൂടേയും ധോണിയെന്ന ചെന്നൈയുടെ തല ആവേശം തീര്‍ത്തു. 22 പന്തില്‍ 44 റണ്‍സും രണ്ട് സ്റ്റമ്പിങ്ങും ധോണിയെ കളിയിലെ താരവുമാക്കി മാറ്റി. ഇതോടെ ഐപിഎല്ലില്‍ ധോണിയുടെ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങളുടെ എണ്ണം 17 ആയി. ഈ നേട്ടം ധോണിയെ എത്തിച്ചത് പുതിയ റെക്കോര്‍ഡിലാണ്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദ മാച്ച് ആയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പമെത്തി ധോണി. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയും 17 തവണ പ്ലെയര്‍ ഓഫ് മാച്ച് ആയിട്ടുണ്ട്.

ഈ നേട്ടത്തില്‍ ധോണിയ്ക്കും രോഹിത്തിനും മുന്നില്‍ രണ്ട് വിദേശ താരങ്ങള്‍ മാത്രമാണ്. 21 തവണ പ്ലെയര്‍ ഓഫ് ദ മാച്ച് ആയ ക്രിസ് ഗെയിലും 20 തവണ പ്ലെയര്‍ ഓഫ് ദ മാച്ച് ആയ എബി ഡിവില്യേഴ്‌സും.

ഇന്നലത്തെ മത്സരത്തില്‍ 80 റണ്‍സിനായിരുന്നു ചെന്നൈയുടെ വിജയം. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 180 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് 99 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ശ്രേയസും ശിഖര്‍ ധവാനും ഒഴികെ ഡല്‍ഹി നിരിയിലാർക്കും രണ്ടക്കം പോലും കടക്കാനായില്ല. 100 റണ്‍സ് പോലും തികയ്ക്കാനാകാതെ പോയന്റ് പട്ടികയിലെ മുമ്പന്മാര്‍ വീണതോടെ ചെന്നൈ വീണ്ടും ഒന്നാമതെത്തി.

Read More: IPL CSK vs DC: ചീട്ടുകൊട്ടാരം പോലെ തകർന്ന് ഡല്‍ഹി: ധോണിയുടെ ചെന്നെെയ്ക്ക് ഉജ്ജ്വല വിജയം

ചെന്നൈ ബോളര്‍മാരില്‍ തിളങ്ങിയത് നാല് വിക്കറ്റെടുത്ത ഇമ്രാന്‍ താഹിറാണ്. 12 റണ്‍സ് മാത്രം വിട്ടു കൊടുത്താണ് താഹിര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുമായി ഒപ്പം നിന്നു. 16.2 ഓവറിലാണ് ഡല്‍ഹി പുറത്തായത്.

മത്സരശേഷം സഹതാരങ്ങള്‍ക്കൊപ്പം വ്യത്യസ്തമായ രീതിയിലാണ് ധോണി ചെന്നൈ ആരാധകര്‍ക്ക് നന്ദി പറഞ്ഞത്. സ്റ്റേഡിയം വലയം വച്ച താരങ്ങള്‍ തങ്ങളുടെ ഓട്ടോ ഗ്രാഫോടു കൂടിയ സമ്മാനങ്ങളും ആരാധകര്‍ക്കായി സമര്‍പ്പിച്ചു. ടെന്നീസ്, ടിഷര്‍ട്ട് തുടങ്ങിയവയായിരുന്നു ചെന്നൈ താരങ്ങള്‍ ആരാധകര്‍ക്ക് നല്‍കിയത്. അന്‍പോട് സൂപ്പര്‍ താങ്‌സ് എന്നെഴുതിയ ജഴ്‌സിയണിഞ്ഞാണ് ചെന്നൈ താരങ്ങള്‍ സ്റ്റേഡിയം വലയം വച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook