ന്യൂഡൽഹി: മഹേന്ദ്ര സിംങ്ങ് ധോണിയും ജാർഖണ്ഡ് ടീം അംഗങ്ങളും താമസിച്ചിരുന്ന ഹോട്ടലിൽ തീപിടുത്തം. താരങ്ങൾ അപകടത്തിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. ടീം താമസിച്ചിരുന്ന ദ്വാരകയിലെ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. വിജയ് ഹസാരേ ട്രോഫി മത്സരങ്ങൾക്കായി ഡൽഹിയിലെത്തിയതായിരുന്നു ടീം. ബംഗാളിനെതിരെയുളള ജാർഖണ്ഡ് ടീമിന്റെ സെമി ഫൈനൽ മത്സരം ഇന്ന് നടക്കാനിരിക്കെയാണ് തീ പിടുത്തമുണ്ടായത്. തുടർന്ന് മത്സരം ശനിയാഴ്‌ചത്തേക്ക് മാറ്റി.

“ഏഴ് മണിക്കാണ് ഷോപ്പിംങ്ങ് കോപ്ളക്സിൽ തീപിടുത്തമുണ്ടായെന്ന ഹോട്ടൽ സ്റ്റാഫിൽ നിന്നും സന്ദേശം ലഭിച്ചത്. ആദ്യം ചെറിയതാണെന്നാണ് വിചാരിച്ചത്. പിന്നീട് പുക കനക്കുകയായിരുന്നു”- ടീമംഗമായ  വിരാട് സിംങ്ങ് പറഞ്ഞു.

ഹോട്ടലിലെ ഷോപ്പിംങ്ങ് കോംപ്ളക്സിലാണ് തീ പിടുത്തമുണ്ടായത്. ധോണിയും സംഘവും പുറത്ത് ഇറങ്ങാൻ തയ്യാറെടുത്തു കൊണ്ടിരിക്കെയാണ് തീപിടുത്തമുണ്ടായത്. ഹോട്ടലിന്റെ ഏഴാം നിലയിലായിരുന്നു ടീ താമസിച്ചിരുന്നത്.

തീ പിടുത്തത്തെ തുടർന്ന് ജാർഖണ്ഡ് ടീമിനെ പാലത്തുളള എയർ ഫോഴ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് മാറ്റി. ഹോട്ടൽ മാനേജ്മെന്റിൽ നിന്ന് സുരക്ഷ ഉറപ്പാക്കുന്ന സന്ദേശം ലഭിച്ചാൽ ടീം ഹോട്ടലിലേക്ക് മടങ്ങും.

സുരക്ഷാ പ്രശ്നങ്ങളുളളതിനാൽ സെമി ഫൈനൽ നടക്കേണ്ട വേദി മാറ്റി. ഡൽഹി ഫിറോസ് ഷാ കോട്‌ലയിലായിരിക്കും സെമി ഫൈനൽ നടക്കുക. വിദർഭയെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് ജാർഖണ്ഡ് ടീം സെമി ഫൈനൽ ടിക്കറ്റ് നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ