മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് മുന്നിലെത്താനായില്ല. ഇതോടെ ഏകദിന പരമ്പരയിലെ വിജയം ടി20യിലും ആവര്‍ത്തിക്കാം എന്ന മോഹമാണ് പൊലിഞ്ഞത്. എന്നാലും ഇന്ത്യക്ക് ഒരുപാട് നല്ല ഓര്‍മ്മകളാണ് ന്യൂസിലന്‍ഡ് പര്യടനം നല്‍കിയത്. തൊട്ടുമുമ്പത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലേയും ഇപ്പോഴത്തെ ന്യൂസിലന്‍ഡ് പര്യടനത്തിലേയും ഏറ്റവും പോസിറ്റീവ് ഘടകമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി പറയുന്നത് ഒരു താരത്തിന്റെ പ്രകടനമാണ്.

ടീമിലെ ഏറ്റവും മുതിര്‍ന്ന താരമായ എം.എസ്.ധോണിയുടെ പ്രകടനമാണ് ഗാംഗുലി ഈ പര്യടനങ്ങളിലെ ഏറ്റവും നല്ല കാര്യമായി കാണുന്നത്.

”ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും പോസിറ്റീവ് കാര്യം എം.എസ്.ധോണിയുടെ പ്രകടനം തന്നെയാണ്. കഴിഞ്ഞ വര്‍ഷത്തെ കളി കൊണ്ട് അയാള്‍ക്ക് ലോകകപ്പ് കളിക്കാനാവില്ല.പക്ഷെ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് പര്യടനങ്ങളില്‍ ധോണി ഒരുപാട് ഇംപ്രൂവ് ചെയ്തിട്ടുണ്ട്. ഇന്ന് കുറച്ച് മോശമായെങ്കിലും” ഇന്നലെ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ സംസാരിക്കുകയായിരുന്നു ദാദ.

കൂടാതെ വിജയ് ശങ്കര്‍, മുഹമ്മദ് ഷമി, ഋഷഭ് പന്ത് എന്നിവരുടെ പ്രകടനങ്ങളിലും മുന്‍ നായകന്‍ സന്തോഷവാനാണ്. എന്നാല്‍ ഇപ്പോഴും വിജയ് ശങ്കര്‍ ലോകകപ്പ് ടീമിലുണ്ടാകുമെന്ന് ഗാംഗുലി വിശ്വസിക്കുന്നില്ല.

”വിജയ് ശങ്കര്‍ ബാറ്റിങ് ഇംപ്രൂവ് ചെയ്തിട്ടുണ്ട്. പന്തും നന്നായി കളിച്ചു. പക്ഷെ ശങ്കര്‍ ലോകകപ്പ് ടീമിലുണ്ടാകുമെന്ന് തോന്നുന്നില്ല. ഷമിയുടെ ബോളിങ്ങായിരുന്നു ഏകദിനത്തിലെ ഏറ്റവും പോസിറ്റീവായ കാര്യം” ഗാംഗുലി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook