ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മികച്ച കളിക്കാരിലൊരാളാണ് സുരേഷ് റെയ്ന. കഴിഞ്ഞ കുറേ നാളുകളായി ടീമിൽനിന്നും വിട്ടുനിൽക്കുകയാണ് റെയ്ന. രഞ്ജി ട്രോഫി മൽസരങ്ങളുടെ തിരക്കിലാണ് ഇപ്പോൾ റെയ്ന. രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശ് ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് റെയ്നയാണ്. ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ എം.എസ്.ധോണിയെക്കുറിച്ച് ആർക്കും അറിയാത്ത വലിയ രഹസ്യം വെളിപ്പെടുത്തിരിക്കുകയാണ് റെയ്ന. ‘ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യൻസ്’ എന്ന ടിവി പരിപാടിയിൽ പങ്കെടുക്കവേയാണ് ധോണിയെക്കുറിച്ചുളള രഹസ്യം റെയ്ന പരസ്യമാക്കിയത്.

ഇന്ത്യൻ ടീമിലെ കൂൾ താരമാണ് ധോണിയെന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാൽ അത് സത്യമല്ലെന്നാണ് റെയ്ന പറയുന്നത്. ”മൈതാനത്ത് പലപ്പോഴും ധോണി ദേഷ്യപ്പെടാറുണ്ട്. പക്ഷേ ധോണിയുടെ ദേഷ്യം മറ്റുളളവർക്ക് മനസ്സിലാക്കാൻ പ്രയാസമാണ്. ധോണി ചിന്തിക്കുന്നത് എന്താണെന്ന് അദ്ദേഹത്തിന്റെ മുഖത്തുനിന്നും വായിച്ചെടുക്കാൻ സാധിക്കില്ല. ധോണിക്ക് ദേഷ്യം വരാറുണ്ട്. പക്ഷേ അദ്ദേഹം അത് പ്രകടിപ്പിക്കാറില്ല. ഒരു ഓവർ കഴിയുമ്പോൾ ക്യാമറകൾ ഓഫ് ആകുന്ന സമയത്തോ ടിവിയിൽ പരസ്യം പ്രദർശിപ്പിക്കുന്ന സമയത്തോ ആയിരിക്കും ധോണി തന്റെ ദേഷ്യം പ്രകടിപ്പിക്കുക”- റെയ്ന പറഞ്ഞു.

ഇന്ത്യ-പാക്കിസ്ഥാൻ മൽസര സമയത്ത് നടന്ന ഒരു സംഭവത്തെക്കുറിച്ചും റെയ്ന പരിപാടിയിൽ പറഞ്ഞു. ”മൽസരത്തിനിടയിൽ ഞാൻ അധിക്ഷേപിച്ചുവെന്ന് പാക്ക് താരം ഉമർ അക്മാൽ ധോണിയോട് പരാതി പറഞ്ഞു. ധോണി എന്നോടിത് ചോദിച്ചു. അക്മാലിനെ സമ്മർദ്ദത്തിലാക്കുന്നതിനായി ഏതാനും ബോളുകൾ ഞാൻ എറിഞ്ഞുവെന്നും മറ്റൊന്നും ഉണ്ടായിട്ടില്ലെന്നും ധോണിയോട് പറഞ്ഞു. അപ്പോൾ അക്മാലിന് കൂടുതൽ സമ്മർദ്ദം നൽകാനായിരുന്നു ധോണിയുടെ മറുപടി”.

”ധോണി നല്ലൊരു ക്യാപ്റ്റനാണ്. അടുത്ത് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ധോണിക്ക് അറിയാം. ധോണിയുടെ കൈയ്യിൽ 3 പദ്ധതികൾ ഉണ്ടാവും. പ്ലാൻ എ, പ്ലാൻ ബി, പ്ലാൻ സി. ഈ മൂന്നു പ്ലാനുകളും എപ്പോഴും റെഡിയായിരിക്കും. മൽസരത്തിനിടയിൽ ഈ മൂന്നു പ്ലാനുകളും ധോണി പുറത്തെടുക്കാറുണ്ട്. മൽസരത്തിന് ഒരു രാത്രി മുൻപുതന്നെ അദ്ദേഹം തന്ത്രങ്ങൾ മെനയുകയും സാഹചര്യത്തിനനുസരിച്ച് അത് നടപ്പിലാക്കുകയും ചെയ്യും. ഇതാണ് അദ്ദേഹത്തെ എപ്പോഴും ശാന്തനും കൂളുമാക്കി നിർത്തുന്നത്” റെയ്ന പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook