/indian-express-malayalam/media/media_files/uploads/2017/12/MS-Dhoni.jpg)
എം.എസ്.ധോണിയുടെ ഫോമിനെക്കുറിച്ചുളള ജനങ്ങളുടെ തെറ്റിദ്ധാരണ നീക്കണമെന്ന് മുൻ ഇന്ത്യൻ താരം കപിൽദേവ്. ''20 കാരനായ ചെറുപ്പക്കാരനെപ്പോലെ ധോണി ഇപ്പോഴും കളിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ധോണി ഇതുവരെ ചെയ്തത് എന്താണോ, അതൊക്കെ നല്ല കാര്യമാണ്. പക്ഷേ 20 കാരനോ 25 കാരനോ ആയിരുന്നപ്പോൾ ധോണി നടത്തിയ പ്രകടനമാണ് ഇപ്പോഴും ജനങ്ങൾ പ്രതീക്ഷിക്കുന്നത്. അതൊരിക്കലും നടക്കാൻ പോകുന്നില്ല,'' കപിൽദേവ് എൻഡിടിവിയോട് പറഞ്ഞു.
''ധോണിക്ക് അനുഭവ സമ്പത്തുണ്ട്. അദ്ദേഹത്തിന്റെ ഈ പരിചയം ടീമിന് ഗുണം ചെയ്യും. പക്ഷേ എല്ലാവരും ഒരു കാര്യം മനസ്സിലാക്കണം, അയാൾ 20കാരനല്ല, ഇനി ഒരിക്കലും അയാൾക്ക് 20കാരനാവാൻ കഴിയില്ല. അയാളുടെ കഴിവിന്റെ പരമാവധി അയാൾക്ക് ചെയ്യാനാവും. അയാൾ ടീമിനൊരു മുതൽക്കൂട്ടാണ്. അയാളുടെ ഫിറ്റ്നസ് ആണ് പ്രധാനപ്പെട്ട കാര്യം. ഇനിയും അയാൾ നിരവധി മത്സരങ്ങൾ കളിക്കട്ടെയെന്ന് ഞാൻ ആശംസിക്കുന്നു,'' കപിൽദേവ് പറഞ്ഞു.
വിരാട് കോഹ്‌ലിയെ സ്പെഷ്യൽ ആക്കുന്നതെന്താണെന്നും കപിൽ ദേവ് വ്യക്തമാക്കി. ''അയാളൊരു സ്പെഷ്യൽ വ്യക്തിയാണ്, സ്പെഷ്യൽ കളിക്കാരനാണ്. ചില വ്യക്തികൾ വളരെ സ്പെഷ്യലാണ്, അതിലൊരാളാണ് കോഹ്‌ലി. കഴിവുളളവർ കഠിനാധ്വാനം ചെയ്യാൻ തയ്യാറായാൽ അവർ അതിമാനുഷികരാവും. കോഹ്‌ലി കഴിവുളളവനാണ്, അച്ചടക്കമുളളവനാണ്, അതാണ് അയാളെ പ്രത്യേകതയുളളവനാക്കുന്നത്,'' കപിൽ ദേവ് പറഞ്ഞു.
ഇന്ത്യൻ ടീം കോച്ച് രവി ശാസ്ത്രിയെക്കുറിച്ചും കപിൽ ദേവ് സംസാരിച്ചു. ടീം ഇന്ത്യയെ പരിശീലിപ്പിക്കാൻ അനുയോജ്യനായ വ്യക്തിയാണോ രവി ശാസ്ത്രിയെന്നു ചോദിച്ചപ്പോൾ ക്യാപ്റ്റനും ടീമും കോച്ചിൽ സന്തുഷ്ടരാണെങ്കിൽ പിന്നെന്തിനാണ് നമ്മൾ ചോദ്യം ഉന്നയിക്കുന്നതെന്നായിരുന്നു കപിലിന്റെ മറുപടി. ''ഞാനുമായി ബന്ധമില്ലാത്ത ഒരു കാര്യത്തിൽ വിമർശനം ഉന്നയിക്കാൻ എനിക്ക് ആഗ്രഹമില്ല. ടീമിനകത്ത് എന്താണ് നടക്കുന്നതെന്ന് എനിക്ക് അറിയില്ല, അതിനാൽ ഞാനിതിന് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല,'' കപിൽ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.