ലോകകപ്പിലെ ആദ്യകളിയില്‍ നാണംകെട്ട് തോറ്റ പാക്കിസ്ഥാന്‍ രണ്ടാം കളിയില്‍ കരുത്തരായ ഇംഗ്ലണ്ടിനെ തകര്‍ത്ത് തിരിച്ചു വന്നത് അവിശ്വസനീമായിട്ടായിരുന്നു. ക്രിക്കറ്റ് ലോകം ഒന്നാകെ ഞെട്ടിയിരുന്നു ആ തിരിച്ചു വരവില്‍. പക്ഷെ ഒരാള്‍ മാത്രം ഇതെല്ലാം കണ്ട് ചിരിച്ചു കൊണ്ട് ചോദിച്ചു, ഞാനിത് അന്നേ പറഞ്ഞതല്ലേ എന്ന്. പാക്കിസ്ഥാന്റെ ഇതിഹാസ താരം ഷൊയ്ബ് അക്തറായിരുന്നു അത്. ലോകകപ്പിന് മുമ്പ് തന്നെ ഇംഗ്ലണ്ടിനെ പാക്കിസ്ഥാന്‍ തോല്‍പ്പിക്കുമെന്ന് അക്തര്‍ പ്രവചിച്ചിരുന്നു.

ഇപ്പോഴിതാ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയെ പ്രശംസിച്ചു കൊണ്ടാണ് അക്തര്‍ രംഗത്തെത്തിയിരിക്കുന്നത്. ധോണി കമ്പ്യൂട്ടറിനേക്കാള്‍ വേഗതയുള്ളവനാണെന്നായിരുന്നു അക്തറിന്റെ പ്രശംസ. മത്സരത്തിലെ സാഹചര്യങ്ങളെ പഠിക്കുന്നതില്‍ മെഷീന്‍ അനാലിസിസിനേക്കാള്‍ വേഗമുണ്ട് ധോണിയ്‌ക്കെന്നാണ് അക്തറുടെ പ്രസ്താവന.

Read More: Cricket World Cup 2019: ‘ബോധമുള്ളവര്‍ ക്രീസ് വിടുമോ?’; അതിവേഗ സ്റ്റമ്പിങ്ങിലൂടെ ധോണിയ്ക്ക് ചരിത്രനേട്ടം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ മത്സരത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അക്തര്‍. ഇന്ത്യ പതറുന്നത് കണ്ടതോടെ രോഹിത് ശര്‍മ്മയുമൊത്ത് ശക്തമായൊരു കൂട്ടുകെട്ടാണ് ഇന്നലെ ധോണി പടുത്തുയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് 74 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ധോണി 34 റണ്‍സുമായി പുറത്തായെങ്കിലും സെഞ്ചുറി നേടിയ രോഹിത് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. അവസാന നിമിഷമാണ് ധോണി പുറത്താകുന്നത്.

”ധോണിയ്ക്ക് കമ്പ്യൂട്ടറിനേക്കാള്‍ വേഗതയുണ്ട്. കളിയില്‍ എന്താണ് നടക്കുന്നതെന്ന് ഒരു കമ്പ്യൂട്ടര്‍ പറയുന്നതിനേക്കാള്‍ വേഗത്തില്‍ ധോണിയ്ക്ക് പറയാന്‍ സാധിക്കും” എന്നായിരുന്നു അക്തറുടെ പ്രസ്താവന. പിന്നാലെ ഇന്ത്യന്‍ താരം കെഎല്‍ രാഹുലിനേയും അക്തര്‍ പ്രശംസിച്ചു. വിരാട് കോഹ്ലിയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിനെ മുന്നോട്ട് കൊണ്ടു പോവുക കെഎല്‍ രാഹുലായിരിക്കുമെന്നും അടുത്ത വിരാടാണ് രാഹുലെന്നുമായിരുന്നു അക്തറുടെ പ്രതികരണം.

ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് തകര്‍ത്ത ഇന്ത്യയുടെ അടുത്ത എതിരാളികള്‍ ഓസ്‌ട്രേലിയയാണ്. ജൂണ്‍ ഒമ്പതിനാണ് മത്സരം. പിന്നീട് ജൂണ്‍ 16 ന് ഇന്ത്യ പാക്കിസ്ഥാനേയും നേരിടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook