എംഎസ് ധോണിയിലെ നായകന്റെ റോളിനെ പ്രശംസിക്കാത്തവരായി ആരും തന്നെ കാണില്ല. ഇന്ത്യൻ താരവും ചെന്നൈ സൂപ്പർ കിങ്സിൽ ധോണിയുടെ സഹകളിക്കാരനുമായിരുന്ന മോഹിത് ശർമ്മയ്ക്കും ധോണിയെന്ന നായകനെക്കുറിച്ച് പറയാൻ ആയിരം നാവാണ്. 2013ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുമ്പോഴും നായകൻ ധോണി തന്നെയായിരുന്നു.
ധോണി നല്ലൊരു നേതാവാണെന്ന് മോഹിത് ശർമ പറയുന്നു. തോൽവിയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കും, വിജയത്തിന്റെ ക്രെഡിറ്റ് ടീമിനും നൽകുന്ന വ്യക്തിയാണ് ധോണിയെന്ന് മോഹിത് വ്യക്തമാക്കി. “കായിക ലോകത്ത് നായകനും നേതാവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ധോണി നല്ലൊരു നേതാവാണെന്ന് ഞാൻ വിശ്വസിക്കുന്നു,” മോഹിത് ശർമ പറഞ്ഞു.
Also Read: കപിൽ ദേവിന്റെ പുതിയ മാസ് ലുക്കിന് പിന്നിൽ വിവിയൻ റിച്ചാർഡ്സും എംഎസ് ധോണിയുമെന്ന് താരം
“ടീം വിജയിക്കുമ്പോൾ, നിങ്ങൾ അദ്ദേഹത്തെ ഒരിക്കലും മുന്നിൽ കാണില്ല, പക്ഷേ ടീം തോറ്റുപോകുമ്പോൾ, അദ്ദേഹം എല്ലായ്പ്പോഴും മുന്നിലാണ്ടാകും, ഉത്തരവാദിത്തം ഏറ്റെടുക്കും. അതാണ് ഒരു നേതാവിന്റെ അടയാളം, അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ ഇത്രയധികം അഭിനന്ദിക്കുന്നത്,” മോഹിത് കൂട്ടിച്ചേർത്തു.
Also Read: ഐപിഎൽ കളിക്കുന്നിടത്തോളം ബാംഗ്ലൂരിനൊപ്പം തന്നെ; കാരണം വ്യക്തമാക്കി വിരാട് കോഹ്‌ലി
മോഹിത് നിലവിൽ ഭാഗമായ ഡൽഹി ക്യാപിറ്റൽസിന്റെ പേജിൽ നടത്തിയ ലൈവ് ചാറ്റിലായിരുന്നു തന്റെ പഴയ ക്ലബ്ബായ ചെന്നൈ സൂപ്പർ കിങ്സിനെക്കുറിച്ചും നായകൻ എംഎസ് ധോണിയെക്കുറിച്ചും മോഹിത് ശർമ വാചാലനായത്. വളരെ കുറച്ച് മത്സരങ്ങൾ മാത്രമാണ് ഇതുവരെ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ളെങ്കിലും ഐപിഎൽ മത്സരങ്ങളിൽ തിളങ്ങാൻ താരത്തിനായിട്ടുണ്ട്.